വാട്സാപ്പ് സ്റ്റാറ്റസുകളിലും റീല്‍സിലുമെല്ലാം കുറെ ഓടുന്ന ഒരു സംഗതിയാണ് സിനിമകളിലെ പ്രൊപോസല്‍ സീനുകള്‍. നായകന്മാര്‍ നടത്തുന്ന ഇത്തരം പ്രൊപോസല്‍ സീനുകളാണ് അധികവും ആഘോഷിക്കാറുള്ളത്. എന്നാല്‍ നായികമാര്‍ പ്രൊപോസല്‍ നടത്തിയ കിടിലന്‍ സിനിമകളും മലയാളത്തിലുണ്ട്.
ഏറെ ശ്രദ്ധിക്കപെട്ട ഒരു ലവ് സ്റ്റോറിയായിരുന്നു ഓം ശാന്തി ഓശാനയിലേത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഗിരി എന്ന കഥാപാത്രത്തെ പ്രൊപ്പോസ് ചെയ്യുന്നത് നസ്രിയയുടെ പൂജ എന്ന കാരക്ടര്‍ ആണ്. തുടക്കത്തില്‍ ആ പ്രേമാഭ്യര്‍ത്ഥന ഗിരി നിഷേധിച്ചങ്കിലും സിനിമയുടെ അവസാനം അവര്‍ ഒന്നാകുന്നുണ്ട്. ജൂഡ് ആന്റണി ജോസഫ് ഡയറക്ട് ചെയ്ത ഈ സിനിമയില്‍ ഒരു പെണ്‍കുട്ടിയുടെ പ്രേമ വിചാരങ്ങളെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി മുതല്‍ പൂജക്ക് ഗിരിയോട് തോന്നുന്ന പ്രേമവും കാത്തിരിപ്പുമൊക്കെയാണ് സിനിമയുടെ കഥ. ഗിരിയുടെ ബര്‍ത്ഡേയ്ക്ക് മലമുകളില്‍ വെച്ച് പൂജ പ്രൊപ്പോസ് ചെയ്യുന്നതും കൊച്ചുകുട്ടിയാണെന്ന് പറഞ്ഞ് ഗിരി റിജെക്ട് ചെയ്യുന്ന രംഗങ്ങളുമാണ് സിനിമയിലുള്ളത്.
ലിജോ ജോസ് പെല്ലിശ്ശേരി ഡയറക്ട് ചെയ്ത അങ്കമാലി ഡയറീസില്‍ പെപ്പെയെ പ്രൊപ്പോസ് ചെയ്യുന്നത് ലിച്ചി എന്ന അന്ന രാജന്റെ കഥാപാത്രമാണ്. ഈ സീന്‍ അങ്കമാലി ഡയറീസ് കണ്ട പലര്‍ക്കും ഏറെ പ്രിയപ്പെട്ടതുമാണ്. രാത്രിയില്‍ അവര് രണ്ടുപേരും ഒന്നിച്ച നടക്കുന്നതും വീട്ടില്‍ വെച്ച് പെട്ടെന്ന് ലിച്ചി പ്രേമം പറയുന്നതുമെല്ലാം ഒരു വെറൈറ്റി പ്രൊപോസല്‍ ആയിരുന്നു.
ജയസൂര്യ മെയിന്‍ റോളിലെത്തി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സു.. സു… സുധി വാത്മീകം. രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ചായിരുന്നു ഈ ചിത്രം നിര്‍മിച്ചത്. ജന്മനാ വിക്കുള്ള സുധി എന്ന ജയസൂര്യയുടെ കഥാപാത്രത്തെ കല്യാണി എന്ന ശിവദയുടെ കാരക്ടര്‍ ആയിരുന്നു പ്രൊപ്പോസ് ചെയ്തത്. രണ്ടുപേരും കാഷ്യുല്‍ ആയി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടന്നാണ് ഈ പ്രൊപോസല്‍ നടക്കുന്നത്.
ലാല്‍ ജോസ് ഡയറക്ട് ചെയ്ത നീനയിലെ പ്രൊപ്പോസലും നായിക നടത്തുന്നതായിരുന്നു. വിനയ് എന്ന വിജയ് ബാബുവിന്റെ കാരക്ടറിനോടുള്ള നീനയുടെ പ്രേമം അവള്‍ തുറന്നു പറയുകയും ഒരു ഘട്ടത്തില്‍ വെച്ച് ആ പ്രേമത്തില്‍ നിന്ന് അവള്‍ക്ക് തന്നെ പിന്മാറേണ്ടി വരികയുമാണ് സിനിമയില്‍. വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു ലവ് സ്റ്റോറിയായിരുന്നു ഇത്. അവസാനം അവരൊന്നിക്കുകയോ പ്രേമം തുടരുകയോ ഒന്നും ചെയ്യുന്നില്ല.
ദിലീഷ് പോത്തന്‍ ഡയറക്ട് ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷും ജിംസിയും തമ്മിലുള്ള പ്രേമം സംഭവിക്കുന്നതും ജിംസിയുടെ പ്രൊപ്പോസലിലൂടെ ആയിരുന്നു. മഹേഷ് ഭാവന സ്റ്റുഡിയോയിലും ജിംസി ബസ്സ് സ്റ്റോപ്പിലും നില്‍ക്കുമ്പോഴാണ് ജിംസി ഫോണ്‍ വിളിച്ച് ഈ കാര്യം പറയുന്നത്. പിന്നീട് അവര്‍ നല്ല അടിപൊളിയായി പ്രേമം തുടരുകയായിരുന്നു.
മമ്മൂട്ടി, കല്യാണി , ബിജു മേനോന്‍ എന്നിവരൊന്നിച്ച സിനിമയായിരുന്നു ഉദ്യാനപാലകന്‍. ഈ സിനിമയില്‍ മമ്മൂട്ടി ചെയ്തത് ഒരു എക്സ് ആര്‍മി മാന്‍ ആയിട്ടായിരുന്നു. സുധാകരന്‍ എന്ന ഈ കഥാപാത്രത്തിന്റെ പൂന്തോട്ടത്തില്‍ നിന്നും തുടര്‍ച്ചയായി നായികാ പൂ മോഷ്ടിക്കുന്നതിലൂടെയാണ് ഇവര്‍ തമ്മിലുള്ള പരിചയപ്പെടലൊക്കെ തുടങ്ങുന്നത്. പിന്നീട് കഥ മുന്നോട്ടു പോവുകയും ഇവര്‍ പ്രേമത്തിലാവുകയുമാണ്. ഈ ചിത്രത്തില്‍ സുധാകരന്‍ നായരെ പ്രൊപ്പോസ് ചെയ്യുന്നത് നായിക ആയിരുന്നു.
ഉദയനാണ് താരം എന്ന ചിത്രം നോക്കുകയാണെങ്കിലും മധുമതിയെന്ന മീനയുടെ കഥാപാത്രമാണ് പ്രേമാഭ്യര്‍ത്ഥന നടത്തുന്നത്. അവര്‍ക്കിടയില്‍ കൃത്യമായി പറഞ്ഞുറപ്പിച്ച പ്രേമ ബന്ധമൊന്നും ഇല്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസമാണ് മധുമതി ഉദയന്റെ കൂടെ ജീവിക്കാന്‍ അവന്റെ വീട്ടിലെത്തുന്നത്. മീനയുടെ ഈ പ്രൊപ്പോസലിനെ തുടര്‍ന്നാണ് അവര്‍ വിവാഹം കഴിക്കുന്നതും.
ഇത്തരത്തില്‍ നായിക കഥാപാത്രങ്ങള്‍ പ്രണയം തുറന്നുപറയുന്ന സീനുകള്‍ മലയാള സിനിമയില്‍ കുറവാണെങ്കിലും ആ സീനുകളും സിനിമകളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
Content Highlight: Heroines proposing in Malayalam movies