ഹീറോയിന്‍ ദുബായിയെ അധിക്ഷേപിച്ചെന്ന ആരോപണം: വിശദീകരണവുമായി സംവിധായകന്‍
Movie Day
ഹീറോയിന്‍ ദുബായിയെ അധിക്ഷേപിച്ചെന്ന ആരോപണം: വിശദീകരണവുമായി സംവിധായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th August 2012, 11:02 am

ഹീറോയിന്‍ ട്രെയിലറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംബന്ധിച്ച് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയ ചില സംഭാഷണങ്ങള്‍ ദുബായ് നിവാസികളെ മോശക്കാരാക്കുന്നുവെന്ന ആരോപണമാണുണ്ടായത്. ഇക്കാര്യത്തിലാണ് വിശദീകരണവുമായി മധുര്‍ ഭണ്ഡാര്‍ക്കര്‍ എത്തിയിരിക്കുന്നത്. []

ചിത്രത്തിന്റെ ട്രെയിലറിന് ആരെയെങ്കിലും മോശക്കാരുക്കയെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്ന്  മധുര്‍ വ്യക്തമാക്കി. സെന്‍സര്‍ ചെയ്തശേഷമാണ് തങ്ങള്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്. ദുബായ് സെന്‍സര്‍ ബോര്‍ഡും ട്രെയിലറിന് അംഗീകാരം നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ദുബായിയിലെ ചില വ്യക്തികളെ ഈ ട്രെയിലര്‍ വേദനിപ്പിച്ചെന്ന് എനിക്ക് മനസിലാക്കാനായിട്ടുണ്ട്. എന്നാല്‍ ആരെയെങ്കിലും അപമാനിക്കുകയെന്ന ഉദ്ദേശം എനിക്കുണ്ടായിരുന്നില്ല. ദുബായ് എന്റെയും പ്രിയ നഗരമാണ്.” മധുര്‍ വിശദീകരിച്ചു.

ഹീറോയിന്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ ദുബായ് നിവാസികള്‍ രംഗത്തെത്തിയിരുന്നു. ഹീറോയിനില്‍ നായിക കരീന കപൂര്‍ മാധ്യമപ്രവര്‍ത്തകരെ ചീത്തവിളിക്കുന്ന ഡയലോഗുകളിലാണ് ദുബായിക്കാരെ പ്രകോപിപ്പിച്ചത്. “നിങ്ങളെപ്പോലുള്ള ആളുകള്‍ സ്‌ക്രിപ്റ്റുകളെഴുന്നവരാണ്. ഒരു നായിക കാറ് വാങ്ങിയാല്‍, അവള്‍ക്ക് ഒരു ബിസിനസുകാരന്‍ സമ്മാനം നല്‍കിയാല്‍, അവള്‍ ലജിസ്ലേറ്റീവ് അസംബ്ലിയില്‍ പോയാല്‍, എന്തിന്, അവള്‍ ദുബായില്‍ പോയാല്‍ വരെ നിങ്ങള്‍ അവള്‍ക്ക് വില നിശ്ചയിക്കുന്നു” ഇതാണ് കരീനയുടെ വിവാദമായ ഡയലോഗ്.