| Thursday, 7th February 2013, 11:21 am

ഹീറോ ഗുജറാത്തില്‍ ചുവടുറപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹീറോ മോട്ടോ കോര്‍പ് ഗുജറാത്തിലെ ഹാലോലില്‍ അഞ്ചാമത്തെ നിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി.

വഡോദരയ്ക്ക് സമീപത്തുള്ള ഹാലോലില്‍ ഗുജറാത്ത് വ്യവസായ വികസന കോര്‍പറേഷന്റെ പദ്ധതിയായ ജി ഐ ഡി സി ഹാലോല്‍ എക്‌സ്റ്റന്‍ഷന്‍ ടു മേഖലയില്‍ പുതിയ ഫാക്ടറിക്കുള്ള സ്ഥലമെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായി.[]

സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയ ഹീറോ മോട്ടോ കോര്‍പ് മൂന്നോ നാലോ മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന.

ആദ്യഘട്ടത്തില്‍ 1,100 കോടി രൂപ ചെലവില്‍  പ്രതിവര്‍ഷം 12 ലക്ഷം ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ശാലയാണ് ഹാലോലില്‍ രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് സ്ഥാപിക്കുക.

നിലവില്‍ ധാരുഹേര, ഗുഡ്ഗാവ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ ഫാക്ടറികളുള്ള ഹീറോ മോട്ടോ കോര്‍പിന്റെ നാലാമത്തെ നിര്‍മാണശാലയുടെ പ്രവര്‍ത്തനങ്ങള്‍ രാജസ്ഥാനിലെ നീംറാനയിലാണ് പുരോഗമിക്കുന്നത്. നീംറാനയില്‍ ഫാക്ടറിക്ക് പുറമെ കമ്പനി ഗ്ലോബല്‍ പാര്‍ട്‌സ് സെന്ററും സ്ഥാപിക്കുന്നുണ്ട്.

സംയുക്ത സംരംഭത്തില്‍ പങ്കാളിയായിരുന്ന ഹോണ്ട മോട്ടോര്‍ കോര്‍പറേഷനുമായി 2010 ഡിസംബറില്‍ വഴി പിരിഞ്ഞതോടെ ഗവേഷണ, വികസന(ആര്‍ ആന്‍ഡ് ഡി) രംഗത്ത് വന്‍മുതല്‍മുടക്കാണ് ഹീറോ മോട്ടോ കോര്‍പ് ആരംഭിച്ചിരിക്കുന്നത്.

നാലു നിര്‍മാണശാലകള്‍ക്കും നീംറാനയിലെ ഗ്ലോബല്‍ പാര്‍ട്‌സ് സെന്ററിനുമായി 3,125 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ഇതുവരെ പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more