ന്യൂദല്‍ഹി: ഇന്ത്യയിലെ മുന്‍നിര വൈദ്യുത ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക്, അതിന്റെ ആദ്യത്തെ ഇ-സൈക്കിള്‍ “ഏവിയര്‍” വിപണിയിലിറക്കുന്നു.പ്രധാനമായും യുവ കോര്‍പറേറ്റ് ഉദ്യോഗസ്ഥന്‍മാരെ ലക്ഷ്യമിട്ടാണ് ഇ-സൈക്കിള്‍ ലക്ഷ്യമിടുന്നത്. പുരുഷന്‍മാര്‍ക്കുവേണ്ടി 19,290 രൂപ വില വരുന്ന എ.എം.എക്‌സ് (AMX), സ്ത്രീകള്‍ക്കു വേണ്ടി 18,990 രൂപ വില വരുന്ന എ.എഫ്.എക്‌സ് (AFX) എന്നിങ്ങനെ രണ്ടു വ്യത്യസ്ത രൂപങ്ങളിലാണ് ഇ-സൈക്കിള്‍ പുറത്തിറങ്ങുന്നത്. രണ്ടു മോഡലുകളും ഇന്ത്യയിലെ അഞ്ച് മെട്രോപൊളിറ്റന്‍ സിറ്റികളിലായാണ് വില്‍പനക്കെത്തിച്ചിരിക്കുന്നത്.
അലോയ് വീലുകള്‍, ഡിറ്റാച്ചബിള്‍ ബാറ്ററി ബോക്‌സ്, ബാറ്ററി ഒന്നിച്ചുള്ള ടെയില്‍ ലാമ്പ്, എല്‍.ഇ.ഡി ഹെഡ് ലാമ്പ്, സൗകര്യത്തിനനുസരിച്ചി മാറ്റങ്ങല്‍ വരുത്താവുന്ന സീറ്റ്, ഇല്ക്ട്രിക് ഹോണ്‍, തുടങ്ങി നിരവധി സൗകര്യങ്ങളാണ് രണ്ട് ഏവിയര്‍ ഇ-സൈക്കിളുകളിലും സജ്ജീകരിച്ചിരിക്കുന്നത്.
എ.എം.എക്‌സില്‍ 6-സ്പീഡ് ഷിമാനോ ഗിയറും മുന്നില്‍ ഇലക്ട്രോണിക് ഡിസ്‌ക് ബ്രേക്കും ഘടിപ്പിച്ചിട്ടുണ്ട്. അതേ സമയം എ.എഫ്.എക്‌സിനു മുന്നില്‍ ലോഹത്തില്‍ തീര്‍ത്ത ബോക്‌സും ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മോഡലുകളിലും 9 മുതല്‍ 10 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നില്‍ക്കുന്ന ബാറ്ററികളാണ് ഘടിപ്പിച്ചിരിക്കുന്നത്. അധവാ ചാര്‍ജ്ജ് തീരുകയാണെങ്കില്‍ സൈക്കിള്‍ ചവിട്ടി ഓടിക്കാനുള്ള പെഡലുകളും ഇതിനുണ്ട്.
“പരിസ്ഥിതി സൗഹൃദമായ ഈ ജര്‍മ്മന്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്. ഇന്ത്യന്‍ ഇലക്ട്രോമിക് വാഹന വിപണിയില്‍ രാജ്യത്തെ ഹരിത സൗഹാര്‍ദ്ദവുമായി ഒത്തുപോവുന്ന തരം സവിശേഷമായ ഉല്‍പന്നങ്ങള്‍ ഇനിയും കൊണ്ടുവരും.” ഹീറോ ഇക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നവീണ്‍ മുഞ്ചല്‍ പറഞ്ഞു.