|

ഹാട്രിക്കല്ല, അതുക്കും മേലെ ഡബിള്‍ ഹാട്രിക്; ലോകകപ്പില്‍ പന്തെറിയാന്‍ ഇവന്‍ ഇന്ത്യയിലെത്തുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

2026 ടി-20 ലോകകപ്പിന്റെ അമേരിക്കാസ് സബ് റീജ്യണല്‍ ക്വാളിയഫയേഴ്‌സില്‍ ചരിത്രം കുറിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഹെര്‍നന്‍ ഫെന്നല്‍. കെയ്മന്‍ ഐലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഡബിള്‍ ഹാട്രിക് നേടിയാണ് ഫെന്നല്‍ ചരിത്രം കുറിച്ചത്. ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തുന്ന ആറാമത് ബൗളറാണ് ഫെന്നല്‍.

ഹര്‍ലിങ്ഹാം ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അര്‍ജന്റീന എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ 116 റണ്‍സിന് കെയ്മന്‍ ഐലന്‍ഡ്‌സ് പുറത്തായി.

46 പന്തില്‍ 41 റണ്‍സ് നേടിയ സാമുവല്‍ ഫോസ്റ്ററാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

കെയ്മന്‍ ഐലന്‍ഡ്‌സ് ഇന്നിങ്‌സിലെ അവസാന ഓവറിലാണ് ഫെന്നല്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഓവറിലെ മൂന്നാം പന്തില്‍ ട്രോയ് ടെയ്‌ലറിനെ പുറത്താക്കിയ ഫെന്നല്‍ അടുത്ത മൂന്ന് പന്തിലും എതിര്‍ ടീം താരങ്ങളെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി.

19ാം ഓവറിലെ മൂന്നാം പന്തെറിയാന്‍ ഫെന്നല്‍ ഓടിയടുക്കുമ്പോള്‍ ഒരു പന്തില്‍ ഒരു റണ്‍സുമായാണ് ടെയ്‌ലര്‍ ക്രീസില്‍ നിന്നത്. ആ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച താരത്തിന് പിഴയ്ക്കുകയും പെഡ്രോ ബാരണിന്റെ കൈകളില്‍ ഒതുങ്ങുകയുമായിരുന്നു.

അലസ്റ്റര്‍ ഐഫില്ലാണ് തൊട്ടടുത്ത പന്തില്‍ പുറത്തായത്. ഫെന്നലിന്റെ മീഡിയം പേസിന് മുമ്പില്‍ ഉത്തരമില്ലാതിരുന്ന ഐഫില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

പിന്നാലെയെത്തിയ റൊണാള്‍ഡ് എബാങ്ക്‌സിനെ അലന്‍ കിര്‍ഷ്ബൗമിന്റെ കൈകളിലെത്തിച്ച് ഹാട്രിക് പൂര്‍ത്തിയാക്കിയ ഫെന്നല്‍ 11ാം നമ്പറിലിറങ്ങിയ അലസാണ്ട്രോ മോറിസിനെ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ അഗസ്റ്റിന്‍ റിവേറോയുടെ കൈകളിലെത്തിച്ച് ടി-20 ചരിത്രത്തിലെ ആറാമത് ഡബിള്‍ ഹാട്രിക്കും സ്വന്തമാക്കി.

അന്താരാഷ്ട്ര ടി-20യില്‍ ഡബിള്‍ ഹാട്രിക് നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് – 2019

ലസിത് മലിംഗ – ശ്രീലങ്ക – ന്യൂസിലാന്‍ഡ് – 2019

കര്‍ട്ടിസ് കാംഫര്‍ – അയര്‍ലന്‍ഡ് – നെതര്‍ലന്‍ഡ്‌സ് – 2021

ജേസണ്‍ ഹോള്‍ഡര്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 2022

വസീം യാക്കൂബ് – ലെസോത്തോ – മാലി – 2024

ഹെര്‍ന്‍ ഫെന്നല്‍ – അര്‍ജന്റീന – കെയ്മന്‍ ഐലന്‍ഡ്‌സ് – 2024*

അവസാന ഓവറില്‍ സ്വന്തമാക്കിയ ഡബിള്‍ ഹാട്രിക്കടക്കം മത്സരത്തില്‍ അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയാണ് ഫെന്നല്‍ ഫൈഫര്‍ നേട്ടം പൂര്‍ത്തിയാക്കിയത്.

ഫെന്നലിന് പുറമെ അര്‍ജന്റീനയ്ക്കായി അലന്‍ കിര്‍ഷ്ബൗം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഗസ്റ്റിന്‍ റിവേറോ, ലൂകാസ് റോസി മെന്‍ഡിസ്ബാല്‍, തോമസ് റോസി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

117 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അര്‍ജന്റീനയ്ക്ക് വിജയിക്കാന്‍ മാത്രം സാധിച്ചില്ല. 16.5 ഓവറില്‍ ടീം 94 റണ്‍സിന് പുറത്തായി.

മൂന്ന് താരങ്ങള്‍ മാത്രമാണ് അര്‍ജന്റൈന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 30 പന്തില്‍ 35 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പെഡ്രോ ബാരണാണ് ടോപ് സ്‌കോറര്‍. 11 പന്തില്‍ 18 റണ്‍സുമായി ഫെന്നലും 18 പന്തില്‍ 12 റണ്‍സുമായി കിര്‍ഷ്ബൗമും ചെറുത്തുനിന്നെങ്കിലും മറ്റാരും പിന്തുണ നല്‍കാതെ വന്നതോടെ ടീം പരാജയത്തിലേക്ക് കൂപ്പുകുത്തി.

17ാം ഓവറിലെ അഞ്ചാം പന്തില്‍ അവസാന വിക്കറ്റും നഷ്ടമാകുമ്പോള്‍ വിജയത്തിന് 23 റണ്‍സ് അകലെയായിരുന്നു അര്‍ജന്റീന.

കെയ്മന്‍ ഐലന്‍ഡ്‌സിനായി ക്യാപ്റ്റന്‍ കോണ്‍റോയ് റൈറ്റ് മൂന്ന് വിക്കറ്റും റോമിയോ ദുംഗ, റൊണാള്‍ഡ് എബാങ്ക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. രണ്ട് അര്‍ജന്റൈന്‍ താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ അലസ്റ്റര്‍ ഐഫിലാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ ബഹാമസിനെ മറികടന്ന് കെയ്മന്‍ ഐലന്‍ഡ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഏഴ് മത്സരത്തില്‍ നിന്നും ആറ് ജയവുമായി 12 പോയിന്റാണ് ടീമിനുള്ളത്. ഏഴ് കളിയില്‍ നിന്നും നാല് ജയത്തോടെ ഒമ്പത് പോയിന്റുമായി നാലാമതാണ് അര്‍ജന്റീന.

Content highlight: Hernan Fennel becomes the 6th bowler to pick double hattrick in T20Is