ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ പരാജയപ്പെട്ട് ഇന്ത്യ സീരീസ് സമനിലയിലാക്കിയിരുന്നു. അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നിരിക്കെ കൈയില്‍ വന്ന സുവര്‍ണാവസരം ഇന്ത്യ തുലപ്പിച്ചു കളയുകയായിരുന്നു.
ഇതോടെ 15 വര്‍ഷത്തിന് ശേഷം യൂറോപ്യന്‍ മണ്ണില്‍ പരമ്പര വിജയം എന്ന സ്വപ്‌നനേട്ടവും ഇന്ത്യ കൈവിട്ടുകളഞ്ഞു.
അവസാന മത്സരം തോറ്റത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മേല്‍ക്കൈ നേടാന്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ വിജയം സഹായകമാകുമെന്നിരിക്കെയായിരുന്നു ഇന്ത്യയുടെ പരാജയം. ഇതോടെ പോയിന്റ് പട്ടികയില്‍ പാകിസ്ഥാന് താഴെ നാലാം സ്ഥാനത്തേക്ക് ഇന്ത്യ വീഴുകയും ചെയ്തു.
ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇന്ത്യയെ സംബന്ധിച്ച് കൈയെത്താ ദൂരത്തായി.
2021-2023 സൈക്കിളില്‍ 12 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതില്‍ നാലെണ്ണം തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ പരമ്പരയില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രണ്ട് പോയിന്റ് ഡോക് ചെയ്യുകയും ചെയ്തു.
ലോക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന സീസണില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യ ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇന്ത്യയുടെ പ്രകടനം മോശമാണെങ്കിലും കിരീട സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല.
മറ്റ് ടൂര്‍ണമെന്റുകളെ പോലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പട്ടിക വിജയങ്ങളുടെ എണ്ണത്തെയല്ല മറിച്ച് വിജയ ശതമാനത്തെയാണ് പരിഗണിക്കുന്നത്. പോയിന്റ് ടേബിളില്‍ ഇന്ത്യ നിലവില്‍ 52.08 ശതമാനത്തോടെ നാലാം സ്ഥാനത്താണ്.
പാകിസഥാന്‍ (52.38%), സൗത്ത് ആഫ്രിക്ക (71.43) ഓസ്‌ട്രേലിയ (77.78) എന്നിവരാണ് ഇന്ത്യയ്ക്ക് മുകളിലുള്ളത്.
ഇന്ത്യയ്‌ക്കെതിരായ അവസാന മത്സരം ജയിച്ച് പരമ്പര സമനിയിലാക്കിയെങ്കിലും ഇംഗ്ലണ്ട് നിലവില്‍ ഏഴാം സ്ഥാനത്താണ്. ഫൈനല്‍ മത്സരം കളിക്കാന്‍ ഇംഗ്ലണ്ടിനാവില്ല എന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇംഗ്ലണ്ടിന് പുറമെ മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുടെയും ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചുകഴിഞ്ഞു.
ഇന്ത്യയ്ക്ക് ഫൈനിലെത്താന്‍ ഇനി ചെയ്യേണ്ടത്,
ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും ഓസീസിനെതിരെ നാല് ടെസ്റ്റുമാണ് ഇന്ത്യയ്ക്കുള്ളത്. ഈ ആറ് മത്സരങ്ങളും ജയിക്കുകയാണ് ഇന്ത്യ ആദ്യം ചെയ്യേണ്ടത്. ഇതോടെ ഇന്ത്യക്ക് 72 പോയിന്റും 68.05 എന്ന വിജയശതമാനവും ലഭിക്കും.
ഇതിന് പുറമെ മറ്റ് ടീമുകള്‍ 68.05 എന്ന വിജയശതമാനത്തിന് താഴെയെത്തുകയും വേണം. എന്നാല്‍ ഇന്ത്യയ്ക്ക് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുകയും രണ്ടാം തവണയും കലാശക്കളിക്ക് യോഗ്യത നേടുകയും ചെയ്യാം.
ഇന്ത്യയേക്കാള്‍ വിജയ ശതമാനം കുറയണമെങ്കില്‍ മറ്റ് ടീമുകളുടെ ഫലം ഇങ്ങനെയായിരിക്കണം.
ഓസ്‌ട്രേലിയ
77.78 വിജയശതമാനവുമായി പോയിന്റ് ടേബിളില്‍ ഒന്നാമതാണ് ഓസീസ്. ഇനി വരാനിരിക്കുന്ന മത്സരങ്ങളില്‍ ചുരുങ്ങിയത് നാലെണ്ണത്തില്‍ തോല്‍ക്കുകയും ഒന്നില്‍ സമനിലയുമായാല്‍ ഇന്ത്യയെക്കേള്‍ കുറവ് വിജയശതമാനമാവും ഓസീസിന് ലഭിക്കുക.
ഓസ്‌ട്രേലിയയുടെ ബാക്കിയുള്ള മത്സരങ്ങള്‍
vs ശ്രീലങ്ക – ഒരു ടെസ്റ്റ്
vs വെസ്റ്റ് ഇന്‍ഡീസ് – രണ്ട് ടെസ്റ്റ്
vs സൗത്ത് ആഫ്രിക്ക – മൂന്ന് ടെസ്റ്റ്
vs ഇന്ത്യ – നാല് ടെസ്റ്റ് (ഇന്ത്യ ഈ നാല് മത്സരങ്ങളും ജയിക്കുകയും ഓസീസിനെ വൈറ്റ് വാഷ് ചെയ്യുകയും വേണം)
സൗത്ത് ആഫ്രിക്ക
71.43 ശതമാനവുമായി പോയിന്റ് ടേബിളില്‍ രണ്ടാമതാണ് പ്രോട്ടീസ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ മൂന്നെണ്ണം തോല്‍ക്കുകയോ അഞ്ചെണ്ണം സമനിലയിലാവുകയോ ചെയ്താല്‍ ഇന്ത്യക്ക് പ്രോട്ടീസിനെ മറികടക്കാം.
സൗത്ത് ആഫ്രിക്കയുടെ ബാക്കി മത്സരങ്ങള്‍
vs ഇംഗ്ലണ്ട് – മൂന്ന് ടെസ്റ്റ്
vs വെസ്റ്റ് ഇന്‍ഡീസ് – രണ്ട് ടെസ്റ്റ്
vs ഓസ്‌ട്രേലിയ – മൂന്ന് ടെസ്റ്റ്
പാകിസ്ഥാന്‍
52.38 വിജയശതമാനവുമായി ഇന്ത്യയ്ക്ക് തൊട്ടുമുകളിലാണ് പാകിസ്ഥാന്‍. നിലവിലുള്ള ഏഴ് ടെസ്റ്റില്‍ അഞ്ചെണ്ണത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് 68% ലഭിക്കും.
പാകിസ്ഥാന്റെ ഇനിയുള്ള ടെസ്റ്റ് ഷെഡ്യൂള്‍
vs ഇംഗ്ലണ്ട് – മൂന്ന് ടെസ്റ്റ്
vs ന്യൂസിലാന്‍ഡ് – രണ്ട് ടെസ്റ്റ്
vs ശ്രീലങ്ക – രണ്ട് ടെസ്റ്റ്
Content highlight: Here’s how India can qualify for the ICC World Test Championship Final after draw against England