ന്യൂദല്‍ഹി: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ 2022 ജനുവരിയില്‍ കായംകുളത്തെ ചേരാവള്ളി മസ്ജിദില്‍ വെച്ചു നടന്ന ഹിന്ദു കല്യാണത്തിന്റെ വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍.
‘ഇതാ മറ്റൊരു കേരള സ്റ്റോറി’ എന്ന ക്യാപ്ഷനില്‍ കോമ്രൈഡ് ഫ്രം കേരള എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച ചേരാവള്ളൂര്‍ കല്യാണവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാര്‍ത്തയുടെ വീഡിയോ റിപ്പോര്‍ട്ടാണ് എ.ആര്‍. റഹ്‌മാന്‍ തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്തത്.
‘അഭിനന്ദനങ്ങള്‍, മനുഷ്യത്വത്തോടുള്ള സ്‌നേഹം ഉപാധികളില്ലാത്ത സ്വാന്തനവുമായിരിക്കണം,’ എന്നാണ് എ.ആര്‍. റഹ്‌മാന്‍ ഈ വീഡിയോ പങ്കുവെച്ച് കുറിച്ചത്.
കായംകുളം ചേരാവള്ളിയില്‍ 2020 ജനുവരി 19നായിരുന്നു മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ ഹിന്ദു ആചാര പ്രകാരം അഞ്ജു- ശരത്ത് ദമ്പതികളുടെ വിവാഹം നടന്നിരുന്നത്.
Bravo 🙌🏽 love for humanity has to be unconditional and healing ❤️🩹 https://t.co/X9xYVMxyiF
— A.R.Rahman (@arrahman) May 4, 2023
കല്യാണത്തിന് രണ്ട് വര്‍ഷം മുമ്പ് അഞ്ജുവിന്റെ പിതാവ് അശോകന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. തുടര്‍ന്നാണ് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ കല്യാണം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നത്. ഈ സംഭവമാണ് കേരളത്തെ സംബന്ധിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കേരള സ്റ്റോറി സിനിമയുടെ പശ്ചാത്തലത്തില്‍ റഹ്‌മാന്‍ പങ്കുവെച്ചത്.
മെയ് അഞ്ചിനാണ് ദ കേരള സ്റ്റോറി റിലീസ് ചെയ്യുന്നത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നും 32000 സ്ത്രീകള്‍ ഐസിസിലേക്ക് പോയി എന്നായിരുന്നു സിനിമയുടെ ടീസറിലും ട്രെയ്ലറിലും പറഞ്ഞിരുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ട്രെയ്ലറിനൊപ്പം നല്‍കിയിരിക്കുന്ന യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ അണിയറപ്രവര്‍ത്തകര്‍ തിരുത്തിയിരുന്നു. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസില്‍ ചേര്‍ത്തുവെന്ന വിവരണം തിരുത്തി മൂന്ന് പെണ്‍കുട്ടികള്‍ എന്നാണ് മാറ്റിയത്.
Content Highlight: ‘Here’s Another Kerala Story’; A.R Rahman shared the video of the Hindu wedding held at Cheravalli Masjid