ലോകകപ്പിന് എത്തിയ അർജൻറീന ടീമിന് താമസ സൗകര്യം ഒരുക്കിയത് ഖത്തർ യൂണിവേഴ്സിറ്റിയിലാണ്. താരങ്ങൾ താമസിക്കാനുള്ള മുറി പങ്കിട്ടപ്പോൾ ലയണൽ മെസി ഏകാന്തനാണ്.
രണ്ട് താരങ്ങൾക്ക് ഒരു മുറി എന്ന രീതിയിലാണ് ക്രമീകരണം. എന്നാൽ യൂണിവേഴ്സിറ്റിയിലെ മൊഡ്യൂൾ ഒന്നിലെ ബി 201 എന്ന മുറിയിൽ മെസി ഒറ്റക്കാണ് താമസിക്കുന്നത്.
ടീമിലുള്ളവർ വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും നോക്കി കാണുന്ന, കളത്തിൽ എല്ലായിപ്പോഴും അടുത്തു നിൽക്കാൻ ആഗ്രഹിക്കുന്ന, എല്ലാവരുടെയും ആരാധനാപാത്രമായ മെസി ചില നേരത്ത് ഏകാന്തനാകുന്നതിന് പിന്നിലൊരു കാരണമുണ്ട്.
തനിക്കേറ്റവും പ്രിയപ്പട്ട കളിക്കാരനും ഉറ്റ ചങ്ങാതിയുമായ സെർജിയോ അഗ്യൂറോ ഫുട്ബോൾ മതിയാക്കിയതോടെയാണ് ഇനിയങ്ങ് കൂട്ടിനാരും മുറിയിൽ വേണ്ട എന്ന തീരുമാനത്തിലേക്ക് മെസി എത്തിയത്. 2011 മുതൽ മെസിക്ക് ഒപ്പം റൂം പങ്കിട്ടിരുന്നത് സെർജിയോ അഗ്യൂറോയായിരുന്നു.
കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെൻറ് വരെ അഗ്യൂറോ മെസിക്ക് ഒപ്പമായിരുന്നു. എന്നാൽ ഹൃദ്രോഗം മൂലം അഗ്യൂറോ കളി മതിയാക്കിയതോടെ മെസി തനിച്ചായി. പിന്നീട് മുറി പങ്കിടാൻ മറ്റൊരാൾ വേണ്ടെന്നാണ് മെസി തീരുമാനിക്കുകയായിരുന്നു.
മെസിയുടെ തൊട്ടടുത്ത റൂമിൽ ഓട്ടമെൻറിയും റോഡ്രിഗോ ഡി പോളുമുണ്ട്. നേരെ മുന്നിലുള്ള റൂമിലാണ് എയ്ഞ്ചൽ ഡി മരിയയും ലിയാൻഡ്രോ പരേഡസും താമസിക്കുന്നത്.
മെസിയുടെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പാണ് ഖത്തറിലേത്. അഞ്ച് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കളിക്കുന്ന താരവുമാണ് മെസി.
36 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് അർജന്റീന ഇത്തവണ ഖത്തർ ലോകകപ്പിനിറങ്ങുന്നത്. തുടർച്ചയായി പരാജയം അറിയാതെ മെസിക്കും സംഘത്തിനും മുന്നേറാനായത് ഖത്തറിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നവംബർ 26ന് സൗദി അറേബ്യയുമായാണ് അർജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്‌സിക്കോയും പോളണ്ടുമാണ് അർജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകൾ. ഇതിൽ മെക്‌സിക്കോയെ നവംബർ 27നും പോളണ്ടിനെ ഡിസംബർ ഒന്നിനുമാണ് അർജന്റീന നേരിടുക.