ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ നിര്‍ദേശിക്കുന്ന ലൈംഗിക വിദ്യാഭ്യാസം സ്‌കുളുകളില്‍ പഠിപ്പിക്കേണ്ട ഒരാവശ്യവുമില്ലെന്ന് ആര്‍.എസ്.എസ് അനുകൂല സംഘടന. ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് കുട്ടികളില്‍ മോശമായിട്ടാണ് പ്രവര്‍ത്തിക എന്നതാണ് സംഘടനയുടെ നിലപാട്.ആര്‍.കെ കസ്തൂരിരംഗന്‍ കമ്മറ്റിയാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ദീനനാഥ് ബത്ര സ്ഥാപിച്ച ആര്‍.എസ്.എസ് അനുകൂല സംഘടനയായ ശിക്ഷ സന്‍സ്‌കൃതി ഉത്തന്‍ ന്യാസ് ആണ് ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ നല്‍കുന്നതിനെതിരെ രംഗത്തെത്തിയത്. സെക്കന്‍ഡറി ക്ലാസ്സുകളില്‍ സമ്മതം, പീഡനം, സ്ത്രീകളോടുള്ള ബഹുമാനം, സുരക്ഷ, കുടുംബാസൂത്രണം, ലൈംഗിക രോഗങ്ങളെ തടയല്‍ എന്നീ വിഷയങ്ങള്‍ പഠിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ രേഖയുടെ കരടിലുള്ളത്.
കരിക്കുലത്തിന്റെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസം സ്‌കുളുകളില്‍ പഠിപ്പിക്കേണ്ട ഒരാവശ്യവുമില്ല. വേണമെങ്കില്‍ കൗണ്‍സലിംഗ് നടത്താം- ശിക്ഷ സന്‍സ്‌കൃതി ഉത്തന്‍ ന്യാസ് സെക്രട്ടറി അതുല്‍ കോത്താരി പറഞ്ഞു. സെക്‌സ് എന്ന ഒരു വാക്കേ ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളെ കൂടി കൗണ്‍സിലിംഗിന് വിധേയമാക്കുന്നത് വളരെ പ്രധാനമാണ്. മനുഷ്യ ശരീരത്തെയും മറ്റും അറിയണമെങ്കില്‍ അതിപ്പോള്‍ തന്നെ ശാസ്ത്ര വിഷമായി പഠിപ്പിക്കുന്നുണ്ടെന്നും അതുല്‍ കോത്താരി പറഞ്ഞു.