| Sunday, 14th May 2023, 4:26 pm

ഇതാ ഐ.പി.എല്ലിലും ഒരു സൗത്ത് ഐക്യത്തിന്റെ കഥ; അപ്പുറത്തുള്ളത് ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും അധികാരത്തിലേറാമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മോദി സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയായിരിക്കുകയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം. അധികാരമുണ്ടായിരുന്ന ഒരേയൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനവും ഇതോടെ ബി.ജെ.പിക്ക് നഷ്ടമായിരിക്കുകയാണ്.

ഇതിനിടയില്‍ ഒരു സൗത്ത് ഇന്ത്യന്‍ ഐക്യത്തിന്റെ കഥയാണ് ഐ.പി.എല്ലിലും ചര്‍ച്ചയാകുന്നത്. ഒരുമിച്ച് നില്‍ക്കുന്നത് ദക്ഷിണേന്ത്യയിലെ മൂന്ന് ടീമുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദുമാണെങ്കില്‍, അപ്പുറത്തുള്ളത് മുന്‍ ഇന്ത്യന്‍ ഓപ്പണറും ബി.ജെ.പി എം.പി.യുമായ ഗൗതം ഗംഭീറുമാണ്.

മേയ് ആദ്യവാരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍.സി.ബി- ലഖ്‌നൗ മത്സരത്തിനിടെ വിരാട് കോഹ്‌ലിയും ലഖ്‌നൗ ടീമിന്റെ മെന്റര്‍ കൂടിയായ ഗൗതം ഗംഭീറും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഈ സൗത്ത് ഇന്ത്യന്‍ ഐക്യത്തിന്റെ വേരുള്ളത്.

ശനിയാഴ്ച നടന്ന സണ്‍റൈസേഴ്‌സ്- ലഖ്‌നൗ പോരിലും, സണ്‍റൈസേഴ്‌സിന്റ ആരാധകര്‍ ഗംഭീറിനെ വിടാതെ രംഗത്തെത്തിയിരുന്നു.

If owning Gautam Gambhir is an art then Viratians are Picasso in it.#SRHvLSGpic.twitter.com/a3bNrEzhFM

— ‘ (@Ashwin__tweetz) May 13, 2023

രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ ആകെ മുഴങ്ങിക്കേട്ടത് വിരാട് കോഹ്‌ലിയുടെ പേരായിരുന്നു. ഗംഭീറിനെ സ്‌ക്രീനില്‍ കാണുമ്പോഴെല്ലാം കോഹ്‌ലിയെന്ന് ഹൈദരാബാദ് ആരാധകര്‍ ഗാലറിയില്‍ നിന്ന് ആര്‍ത്ത് വിളിച്ചു. ആരാധകര്‍ കോഹ്ലിയുടെ പേരില്‍ ചാന്റ് ചെയ്യുന്ന വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്.

ഇതിനിടയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫാന്‍ ബേസിഡ് ട്വിറ്റര്‍ അക്കൗണ്ട് വഴി സണ്‍റൈസേഴ്‌സ് ആരാധര്‍ക്ക് നന്ദി പറഞ്ഞതും ചര്‍ച്ചയാകുന്നുണ്ട്.

‘ഇനി മുതല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എല്ലാ ആര്‍.സി.ബി ആരാധകരുടെയും പ്രിയപ്പെട്ട രണ്ടാമത്തെ ടീമാകും,’ എന്നാണ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലുള്ള സണ്‍റൈസേഴ്‌സ് ആരാധകരുടെ ചിത്രം പങ്കുവെച്ച് ബെംഗളൂരുവിന്റെ ഫാന്‍ പേജ് ട്വീറ്റ് ചെയ്ത്.

കോഹ്‌ലിയുമായുള്ള തര്‍ക്കത്തിന് പിന്നാലെ മറ്റൊരു സൗത്ത് ഇന്ത്യന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരും ഗംഭീറിനെതിരെ രംഗത്തെത്തിയിരുന്നു. ഇതുകൂടാതെ മലയാളികളുടെ സ്വന്തം ടീമായ സഞ്ജുവിന്റെ രാജസ്ഥാന്‍ ആരാധകരും ഗംഭീറിനെതിരെ തിരിഞ്ഞിരുന്നു. ഇതോടെയാണ് വിഷയത്തിലെ സൗത്ത് ഐക്യം ചര്‍ച്ചയാകുന്നത്.

Content Highlight: Here is a story of South unity in IPL too; Beyond that is Gautam Gambhir

We use cookies to give you the best possible experience. Learn more