| Monday, 7th December 2020, 2:36 pm

മുഖ്യമന്ത്രിയായല്ല ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്: ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എത്തി. വിവാദ കാര്‍ഷിക നിയമത്തിനെതിരെ ആയിരക്കണക്കിന് കര്‍ഷകരാണ് ഇവിടെ പ്രതിഷേധിക്കുന്നത്.

സിന്‍ഗുവിലെ പ്രതിഷേധ വേദിയിലേക്ക് കെജ്‌രിവാളിനൊപ്പം മന്ത്രി സഭയിലെ ചില അംഗങ്ങളും എം.എല്‍.എമാരും അനുഗമിച്ചിരുന്നു.

കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുന്നെന്നും അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ന്യായമാണ്. കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷക പ്രതിഷേധ വേദി സന്ദര്‍ശിച്ച ഒരു സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍.

‘ഞാനും എന്റെ പാര്‍ട്ടിയും തുടക്കം മുതല്‍ കര്‍ഷകര്‍ക്കൊപ്പം നിന്നു. അവരുടെ പ്രതിഷേധത്തിന്റെ തുടക്കത്തില്‍ ഒന്‍പത് സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ ദല്‍ഹി പൊലീസ് അനുമതി തേടിയിരുന്നു. എന്റെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷേ ഞാന്‍ അതിന് അനുവാദം നല്‍കിയില്ല.’ കെജ്‌രിവാള്‍ പറഞ്ഞു.

‘ഞങ്ങളുടെ പാര്‍ട്ടിയും എം.എല്‍.എമാരും നേതാക്കളും സന്നദ്ധപ്രവര്‍ത്തകരായാണ് ഇവിടെ എത്തിയത്. ഞാന്‍ ഇവിടെ എത്തിയത് മുഖ്യമന്ത്രിയായല്ല. ഒരു സേവകനായാണ്. കര്‍ഷകര്‍ ഇന്ന് പ്രതിസന്ധിയിലാണ്, ഞങ്ങള്‍ അവരോടൊപ്പം നില്‍ക്കണം. ഡിസംബര്‍ എട്ടിന് രാജ്യത്തുടനീളം നടക്കുന്ന ഭാരത് ബന്ദില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തിയ കര്‍ഷകര്‍ 10 ദിവസത്തിലേറെയായി സിന്‍ഗു, തിക്രി അതിര്‍ത്തികളില്‍ സമാധാനപരമായ പ്രതിഷേധം നടത്തുകയാണ്.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ആറാം ഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് കേന്ദ്രം. ബുധനാഴ്ചയാണ് ചര്‍ച്ച.

ആഭ്യന്തര ചര്‍ച്ചകള്‍ക്ക് സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കഴിഞ്ഞ ചര്‍ച്ചയില്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ പുതിയ നിര്‍ദ്ദേശം അവതരിപ്പിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും കര്‍ഷര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more