ന്യൂദല്‍ഹി: ത്രിപുരയില്‍ പൂജ്യം സീറ്റില്‍ നിന്ന് കേവല ഭൂരിപക്ഷത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അതുകൊണ്ടൊന്നും തീര്‍ന്നില്ല തങ്ങളുടെ അധികാരമോഹം എന്ന നിലപാടിലാണ് ബി.ജെ.പി. നാഗാലാന്‍ഡില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും മേഘാലയയില്‍ വെറും രണ്ടു സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് ജയിക്കാനായത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മേഘാലയയില്‍ ഉള്‍പ്പെടെ അധികാരത്തില്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മാത്രം എന്ന തീരുമാനം നടപ്പിലാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിനായി ഏതറ്റം വരെയും അവര്‍ പോകുമെന്നതില്‍ തര്‍ക്കമില്ല.
നാഗാലാന്‍ഡ്
നാഗാലാന്‍ഡില്‍ ബി.ജെ.പി ഭരണം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. അവിടത്തെ പ്രാദേശിക കക്ഷികളെ കൂടെ കൂട്ടിയാണ് ബി.ജെ.പി ഇത് സാധിച്ചത്. ബി.ജെ.പി-എന്‍.ഡി.പി.പി സഖ്യം 29 സീറ്റുകളും എതിരാളിയായ എന്‍.ഡി.എഫിന് 27 സീറ്റുകളുമാണ് ഇവിടെ. കേവല ഭൂരിപക്ഷം 31 സീറ്റുകളാണ്.
രണ്ടു പേരെ കൂടി തങ്ങളുടെ പാളയത്തിലെത്തിച്ചാല്‍ ബി.ജെ.പി സഖ്യത്തിന് നാഗാലാന്‍ഡില്‍ ഭരണം പിടിക്കാം. ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് ഈ ദൗത്യവുമായി കൊഹിമയില്‍ എത്തിയിട്ടുണ്ട്. ഓരോ സീറ്റുവീതമുള്ള ജെ.ഡി.യുവും സ്വതന്ത്രനുമായി ചര്‍ച്ചകള്‍ നടത്തി ബി.ജെ.പി കേവല ഭൂരിപക്ഷം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്‍.പി.എഫിന്റെ മുന്‍ അധ്യക്ഷന്‍ നെഫ്യുറിയോ ആണ് നാഗാലാന്‍ഡില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ആള്‍. മുന്‍മുഖ്യമന്ത്രി കൂടിയാണ് ഇദ്ദേഹം.
മേഘാലയ
എന്നാല്‍ ക്രിസ്റ്റ്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞിട്ടില്ല. വെറും രണ്ടു സീറ്റുകളില്‍ മാത്രമാണ് ഇവിടെ ബി.ജെ.പിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കടുത്ത വര്‍ഗീയ പ്രചരണങ്ങള്‍ നടത്തിയിട്ടു പോലും മേഘാലയയിലെ ജനങ്ങള്‍ ബി.ജെ.പിയെ തള്ളുകയായിരുന്നു.
ക്രിസ്റ്റ്യന്‍ മതവിശ്വാസികള്‍ക്ക് സൗജന്യ ജറുസലേം സന്ദര്‍ശനമായിരുന്നു മേഘാലയയില്‍ ബി.ജെ.പിയുടെ മോഹന വാഗ്ദാനം. കൂടാതെ, ഇറാഖില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാരെ രക്ഷിച്ചത് തങ്ങളാണെന്നും അവരെല്ലാം ക്രിസ്റ്റ്യാനികളായിരുന്നുവെന്നുമുള്ള നാണം കെട്ട വര്‍ഗീയ പരാമര്‍ശങ്ങള്‍ നരേന്ദ്രമോദിയും നടത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും വീണു പോകാതിരിക്കാനുള്ള വിവേകം മേഘാലയ കാണിച്ചു എന്നതാണ് ശ്രദ്ധേയം.
പക്ഷേ തങ്ങളെ ജനങ്ങള്‍ തള്ളി എന്നത് ബി.ജെ.പിയുടെ അധികാര മോഹത്തെ ഒട്ടും കുറച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ടു സീറ്റുകള്‍ മാത്രം വെച്ച് മേഘാലയ ഭരിക്കുമെന്ന് അവര്‍ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനു വേണ്ടി തങ്ങള്‍ എന്തും ചെയ്യുമെന്ന സൂചനയാണ് ഇതിലൂടെ ബി.ജെ.പി നല്‍കിയത് എന്നത് വ്യക്തമാണ്.
ആകെയുള്ള 60 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 59 സീറ്റുകളിലേക്കാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ്. എന്‍.പി.പി-19, യു.ഡി.പി-6, പി.ഡി.എഫ്-4, എച്ച്.എസ്.പി.ഡി-2, എന്‍.സി.പി-1, കെ.എച്ച്.എന്‍.എ.എം-1, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് മേഘാലയയിലെ സീറ്റുകള്‍. കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 31 സീറ്റുകളാണ്.
ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ അമിത് ഷായുടെ പ്രത്യേക ദൂതന്‍ ഷില്ലോങ്ങില്‍ എത്തി എന്നാണ് ദല്‍ഹിയില്‍ നിന്നു ലഭിക്കുന്ന വിവരം. 19 സീറ്റുകള്‍ നേടിയ എന്‍.പി.പിയെയും മറ്റു ചെറുകക്ഷികളേയും തങ്ങളുടെ രണ്ട് എം.എല്‍.എമാര്‍ക്കൊപ്പം നിര്‍ത്തി ഭരണം പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. യു.ഡി.പി, എച്ച്.എസ്.പി.ഡി എന്നീ പാര്‍ട്ടികളും ബി.ജെ.പിയ്‌ക്കൊപ്പമായിരിക്കും എന്നാണ് സൂചനകള്‍. മൂന്നു സ്വതന്ത്രരേയും ചാക്കിട്ടു പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനവും കിരണ്‍ റിജ്ജുവുമാണ് മേഘാലയയിലെ സഖ്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
എന്നാല്‍ തൂക്കുസഭയുള്ള മേഘാലയ പിടിക്കാന്‍ അരയും തലയും മുറുക്കി തന്നെയാണ് കോണ്‍ഗ്രസും രംഗത്തുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടു പോലും ഗോവയിലും മണിപ്പൂരിലും ഭരണം ബി.ജെ.പി കൊണ്ടുപോകുന്നത് നോക്കിനില്‍ക്കേണ്ടി വന്ന മുന്‍ ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള ജോലികള്‍ ഇത്തവണ ഫലപ്രഖ്യാപന ദിവസം മുതല്‍ കോണ്‍ഗ്രസ് തുടങ്ങിയെന്നത് ശ്രദ്ധേയമാണ്.
മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലും കമല്‍ നാഥും ഇന്നലെ ഫലസൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ ഷില്ലോങ്ങിലേക്ക് തിരിച്ചിരുന്നു. 21 സീറ്റുകളുള്ള കോണ്‍ഗ്രസിന് 10 പേര്‍ കൂടി ഒപ്പമുണ്ടെങ്കില്‍ മേഘാലയ അനായാസം പിടിക്കാം. സ്വതന്ത്രരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ട് മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഇന്നലെ രാത്രി തന്നെ കോണ്‍ഗ്രസ് ഉന്നയിച്ചു എന്നും ഷില്ലോങ്ങില്‍ നിന്ന് റിപ്പോര്‍ട്ട് ഉണ്ട്. മേഘാലയ ഭരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.