| Friday, 21st August 2020, 8:46 pm

ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പുടിന്റെ പത്ത് വിമര്‍ശകര്‍; റഷ്യയിൽ സംഭവിക്കുന്നതെന്ത്?

ശ്രിന്‍ഷ രാമകൃഷ്ണന്‍

റഷ്യന്‍ സര്‍ക്കാരിന്റെയും വ്‌ളഡ്മിര്‍ പുടിന്റെയും കടുത്ത വിമര്‍ശകനും റഷ്യയില്‍ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുന്‍നിര നേതാവുമായ അലക്‌സി നവാല്‍നിയ്ക്ക് സംഭവിച്ച അപകടത്തില്‍ പലരും വിരല്‍ ചൂണ്ടുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനിലേക്ക്.

റഷ്യയില്‍ പുതിന്റെ വിമര്‍ശകരായിരുന്ന പത്തോളം പേര്‍ കഴിഞ്ഞ ദശാബ്ദങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിയേറ്റും, വിഷബാധയേറ്റും അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ചുമാണ് ദുരൂഹ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും വ്യവസായികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടത്.

ഇപ്പോള്‍ വിഷബാധയേറ്റ് കോമയിലായിരിക്കുന്ന് അലക്‌സി നവാല്‍നി റഷ്യന്‍ സര്‍ക്കാരിന്റെയും വ്‌ളാഡ്മിര്‍ പുടിന്റെയും കടുത്ത വിമര്‍ശകനായിരുന്നു. റഷ്യയുടെ ചോര ഊറ്റികുടിക്കുകയാണ് വ്‌ളാഡ്മിര്‍ പുടിന്‍ എന്ന് നിരവധി തവണ പൊതുമധ്യത്തില്‍ ആവര്‍ത്തിച്ചയാള്‍ കൂടിയാണ് നവാല്‍നി.  പുടിന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന പ്രതിപക്ഷ നേതാവെന്നാണ് അലക്‌സി നവാല്‍നിയെ വാള്‍ സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിച്ചത്.

വിമാനയാത്രയ്ക്കിടെ ബോധരഹിതനായ വീണ അലക്‌സി നവാല്‍നി ഇപ്പോള്‍ കോമയിലാണ്. സൈബീരിയയില്‍ നിന്നും മോസ്‌കോവിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ ഇദ്ദേഹത്തിന് ചായയില്‍ നിന്ന് വിഷബാധയേറ്റുവെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയില്‍ സെപ്തംബറില്‍ നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചരണവും അലക്‌സി നവാല്‍നിയ്ക്ക് സംഭവിച്ച അപകടവും തമ്മില്‍ ബന്ധമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതിനിധികള്‍ പറയുന്നത്.

അലക്‌സി നവാല്‍നിയ്ക്ക് സംഭവിച്ച അപകടത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ആ ദുരൂഹ മരണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും ഒന്നു കൂടി തിരിഞ്ഞു നോക്കാം.

ബോറിസ് നെംറ്റ്‌സോവ്,2015

1990കളില്‍ റഷ്യയില്‍ തിളങ്ങി നിന്ന രാഷ്ട്രീയ നേതാവായിരുന്നു ബോറിസ് നെംറ്റ്‌സോവ്. റഷ്യയുടെ ഉപപ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം. റഷ്യയുടെ പ്രസിഡന്റ് പദവിയിലേക്കും അദ്ദേഹം ഉയരുമെന്നായിരുന്നു അക്കാലത്തെ നിരീക്ഷണങ്ങള്‍.
എന്നാല്‍ 2000ത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസിനെ പിന്നിലാക്കി പുടിന്‍ അധികാരത്തിലെത്തി. ബോറിസ് ഈ  തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് പുടിന്റെ തന്നെ കടുത്ത വിമര്‍ശകനായി മാറുകയായിരുന്നു ബോറിസ്.
2011ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത്  ഔദ്യോഗിക തലത്തില്‍ നടക്കുന്ന അഴിമതിക്കെതിരെ ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി ബോറിസ് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. 2015 ഫെബ്രുവരിയില്‍ ഉക്രൈനിലെ റഷ്യയുടെ സൈനിക ഇടപെടലിനെതിരെ അണിനിരക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെ ബോറിസ് വെടിയേറ്റ് കൊല്ലപ്പെട്ടു.

നാല് തവണയാണ് അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. കേസന്വേഷണത്തിന്റെ നിയന്ത്രണം പുടിന്‍ തന്റെ നിയന്ത്രണത്തിലാക്കിയെന്നും ബോറിസിന്റെ കൊലപാതകി  ഇപ്പോഴും അജ്ഞാതനായി തന്നെ തുടരുന്നുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോറിസ് ബെര്‍സ്‌വോസ്‌കി, 2013

റഷ്യയിലെ പ്രശസ്തനായ വ്യവസായി, പുടിന്‍ അധികാരത്തിലേറുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാള്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു ബോറിസ് ബെര്‍സ്‌വോസ്‌കി. എന്നാല്‍ റഷ്യയുടെ പുതിയ പ്രസിഡന്റിനു മേല്‍ വിചാരിച്ചത്ര സ്വാധീനം ചെലുത്താന്‍ ബെര്‍സ്‌വോസ്‌കിയ്ക്ക് സാധിച്ചില്ല.

പുടിനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അദ്ദേഹം യു.കെയിലേക്ക് പോയി. പുടിനെ താഴെ ഇറക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും വിസില്‍ബ്ലോവറുമായ അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയെ 2009ല്‍ കൊലപ്പെടുത്താന്‍ ക്രെംലിന്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.

പിന്നീട് ലണ്ടനിലെ വീട്ടില്‍ പൂട്ടിയിട്ട കുളിമുറിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബെര്‍സ്‌വോസ്‌കിയുടെ കഴുത്തില്‍ ഒരു കുരുക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മരണം ആത്മഹത്യയായിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. ഇപ്പോഴും ഈ വ്യവസായിയുടെ ദുരൂഹ മരണത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല.

സ്റ്റാനിസ്‌ലാവ് മാര്‍ക്കലോവും അനസ്താഷിയ ബാബുവോറയും 2009

മനുഷ്യവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായിരുന്നു സ്റ്റാനിസ്്‌ലാവ് മാര്‍ക്കലോവ്. റഷ്യന്‍ പട്ടാളത്തിന്റെ കീഴില്‍ ചൂഷണം അനുഭവിച്ചിരുന്ന ചെച്ചന്‍ ജനതയുടെ വിഷയത്തില്‍ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പുടിനെതിരെ ലേഖനമെഴുതിയതില്‍ നിയമപ്രശ്‌നങ്ങള്‍ നേരിടുന്ന മാധ്യമപ്രവര്‍ത്തകരെയും അദ്ദേഹം സഹായിച്ചിരുന്നു.

2009ല്‍ ക്രെംലിനടുത്ത് വച്ച്  മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ മാര്‍ക്കലോവിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകയായിരുന്ന ബാബുവോറയെ മെര്‍ക്കലോവ് സഹായിച്ചിരുന്നു. ഇവരെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. നിയോ നാസി ഗ്രൂപ്പുകളാണ് ഇരുവരുടെയും കൊലപാതകത്തിന് പിന്നിലെന്നാണ് റഷ്യ വെളിപ്പെടുത്തിയത്. ഇതില്‍ രണ്ട് പേരെ ശിക്ഷിക്കുകയും  ചെയ്തിരുന്നു. എന്നാല്‍ പുടിനെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സെര്‍ജി മാഗ്നിസ്റ്റിസ്‌കി, 2009

അഭിഭാഷകനായ സെര്‍ജി മാഗ്നിസ്റ്റിസ്‌കി പൊലീസ് കസ്റ്റഡിയില്‍വെച്ച് 2009ലാണ് കൊല്ലപ്പെടുന്നത്. പൊലീസ് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും വൈദ്യ ചികിത്സ നിഷേധിക്കുകയുമായിരുന്നു. ബ്രിട്ടീഷ് അമേരിക്കന്‍ ബിസിനസ്മാന്‍ വില്ല്യം ബ്രൗഡറിനൊപ്പം നികുതി വെട്ടിപ്പ് കേസിനെ കുറിച്ച് അന്വേഷിക്കുകയായിരുന്നു അദ്ദേഹം.

 പ്രസ്തുത അഴിമതിക്ക് പിന്നില്‍ പൊലീസുകാരാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മാഗ്നിസ്റ്റിസ്‌കി അറസ്റ്റിലാകുന്നത്. 2012ല്‍ മാഗ്നിസ്റ്റിസ്‌കിയുടെ മരണാനന്തരം നികുതിവെട്ടിപ്പ് നടത്തിയെന്ന് കാണിച്ച് അദ്ദേഹത്തിനെതിരെ ശിക്ഷയും വിധിച്ചിരുന്നു.

നതാലിയ എസ്റ്റമിറോവ, 2009

ചെച്ചനിയയില്‍ വര്‍ധിച്ചുവരുന്ന ദുരൂഹമരണങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെ കുറിച്ചും അന്വേഷിക്കുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു നതാലിയ എസ്റ്റമിറോവ. രാജ്യത്തെ വലിയ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഇസ്‌ലാമിക തീവ്രവാദികളെ ഇല്ലായ്മ ചെയ്യാന്‍ റഷ്യന്‍ അനുകൂല സുരക്ഷാ സേന ചെച്ചന്യയില്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ  രണ്ട് അക്രമ ശക്തികള്‍ക്കിടയില്‍ പെട്ടുപോകുന്ന സാധാരണക്കാരായ നാട്ടുകാരെക്കുറിച്ച് എസ്റ്റമിറോവ റിപ്പോര്‍ട്ട് ചെയ്തു.

വീടിനടുത്തുനിന്നും തട്ടിക്കൊണ്ടുപോയ എസ്റ്റമിറോവയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അവരുടെ തലയ്ക്ക് ഉള്‍പ്പെടെ നിരവധി തവണയാണ് അക്രമകാരികള്‍ വെടിവെച്ചത്. പിന്നീട് മൃതദേഹം അടുത്തുള്ള ഒരു കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതുവരെ അവരുടെ കൊലപാതകത്തില്‍ ആരെയും ശിക്ഷിച്ചിട്ടില്ല.

അന്നാ പൊളിറ്റ്‌കോവ്‌സ്‌കയ 2006

അന്നാ പൊളിറ്റ്‌കോവ്‌സ്‌കയ നൊവായ ഗസറ്റയുടെ മാധ്യമ  പ്രവര്‍ത്തകയായിരുന്നു. പുടിന്‍സ്  റഷ്യ എന്ന അവരുടെ പുസ്തകത്തില്‍ റഷ്യ എങ്ങിനെ ഒരു പൊലീസ് രാഷ്ട്രമാകുന്നു എന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

ചെചന്യയിലെ പീഡനങ്ങളെക്കുറിച്ചും അവര്‍ എഴുതിയിരുന്നു. താമസിക്കുന്ന സ്ഥലത്തെ ഒരു എലിവേറ്ററില്‍ വെച്ച് വെടിയേറ്റാണ് അന്നാ കൊല്ലപ്പെടുന്നത്. അഞ്ച് പേര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ആരുടെ നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ ഇവരെ കൊലപ്പെടുത്തിയതെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല.

അലക്‌സാണ്ടര്‍ ലിറ്റ്‌വിനെന്‍കോ, 2006

കെ.ജി.ബി ഏജന്റായിരുന്ന അലക്‌സാണ്ടര്‍ ലിറ്റ്‌വിനെന്‍കോ 2006ലാണ് കൊലപ്പെടുന്നത്. മാരക വിഷമായ പൊളോണിയം 210 കലര്‍ന്ന ചായ കുടിച്ചതിന് ശേഷം മൂന്നാഴ്ച്ച കഴിഞ്ഞാണ് അലക്‌സാണ്ടര്‍ മരിക്കുന്നത്.

ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം റഷ്യന്‍ ഏജന്റുമാര്‍ തന്നെയായിരുന്നു ഇതിന് പിന്നില്‍. ബ്രിട്ടീഷ് അന്വേഷണവും  റഷ്യന്‍ ഏജന്റുമാരിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടിയത്. എന്നാല്‍ കുറ്റാരോപതിരായ ഏജന്റുമാരെ സംരക്ഷിക്കുന്ന നിലപാടാണ്  പുടിന്‍ സ്വീകരിച്ചതെന്ന് വാള്‍സ്്ട്രീറ്റ്  ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുടിന്റെ വിമര്‍ശകനായിരുന്നു കൊല്ലപ്പെട്ട അലക്‌സാണ്ടര്‍.

സെര്‍ജി യുഷേന്‍കോവ്

റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രത്യേകിച്ച് പാര്‍ലമെന്ററി റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ആര്‍മി ഉദ്യോഗസ്ഥാനായിരുന്നു സെര്‍ജി യുഷേന്‍കോവ്. ലിബറല്‍ റഷ്യ മൂവ്‌മെന്റ് എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ബോംബാക്രമണത്തില്‍ പുടിന്‍ ഗവണ്‍മെന്റിന് പങ്കുണ്ട് എന്നത് സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കുകയായിരുന്നു അദ്ദേഹമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

യൂരി ഷെക്കോച്ചികിന്‍ 2003

മാധ്യമപ്രവര്‍ത്തകനായിരുന്ന യൂരി  ഷെക്കോച്ചികിന്‍ സോവിയറ്റ് യൂണിയനിലെ അഴിമതിയെക്കുറിച്ചും  1999 ലെ ബോംബാക്രമണത്തെക്കുറിച്ചും  അന്വേഷണം നടത്തുന്നുണ്ടായിരുന്നു. യു.എസിലേക്ക് പോകാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അപൂര്‍വ്വ രോഗം ബാധിച്ചാണ് ഇദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ മെഡിക്കല്‍ വിവരങ്ങള്‍ ഔദ്യോഗിക രഹസ്യമാണെന്നായിരുന്നു റഷ്യന്‍ അധികൃതര്‍ പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlight: Critics of Vladmir putin who died violently or in suspicious ways -Russia

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more