| Saturday, 22nd July 2023, 5:27 pm

ഒറ്റ ഓവറില്‍ വധം, 'Klassic' എന്നല്ലാതെ എന്ത് പറയാന്‍; ധോണിയുടെ ഉറ്റവനെ തകര്‍ത്ത് ഓര്‍ക്കാസ്

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി സിയാറ്റില്‍ ഓര്‍ക്കാസ്. ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തെറിഞ്ഞാണ് ഓര്‍ക്കാസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് 127 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പ്രതീക്ഷയര്‍പ്പിച്ച സൂപ്പര്‍ താരങ്ങളെല്ലാം മങ്ങിയപ്പോഴാണ് സൂപ്പര്‍ കിങ്‌സ് ചെറിയ സ്‌കോറിലൊതുങ്ങിയത്.

ഡെവോണ്‍ കോണ്‍വേ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ക്യാപ്റ്റന്‍ ഡു പ്ലസി 13 റണ്‍സിനും മില്ലര്‍ എട്ട് റണ്‍സിനും പുറത്തായി. 39 പന്തില്‍ 39 റണ്‍സ് നേടിയ ഡ്വെയ്ന്‍ ബ്രാവോയാണ് സൂപ്പര്‍ കിങ്‌സിന്റെ ടോപ് സ്‌കോറര്‍. 19 പന്തില്‍ 26 റണ്‍സ് നേടിയ ഡാനിയല്‍ സാംസും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

നാല് ഓവറില്‍ 50 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍ണെലാണ് സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തുവിട്ടത്. പാര്‍ണെലിന് പുറമെ ആന്‍ഡ്രൂ ടൈ രണ്ട് വിക്കറ്റും ഇമാദ് വസീം, കാമറൂണ്‍ ഗാനണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിയാറ്റില്‍ ഓര്‍ക്കാസ് 16 ഓവറില്‍ വിജയം പിടിച്ചടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ച ക്വിന്റണ്‍ ഡി കോക്കും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹെന്റിച്ച് ക്ലാസനുമാണ് ഓര്‍ക്കാസിന് അനായാസ വിജയം നേടിക്കൊടുത്തത്.

ക്ലാസന്റെ ക്ലാസിക് പ്രകടനമാണ് ഡി കോക്കിന്റെ അര്‍ധ സെഞ്ച്വറിയേക്കാളേറെ ചര്‍ച്ചയാകുന്നത്. ഒരു ഓവറില്‍ 24 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്ലാസന്‍ തരംഗമായത്. മത്സരത്തിന്റെ 15ാം ഓവറില്‍ സൂപ്പര്‍ കിങ്‌സ് താരം മുഹമ്മദ് മൊഹ്‌സിനെ പഞ്ഞിക്കിട്ടാണ് ക്ലാസന്‍ ഓര്‍ക്കാസിനെ വിജയത്തിലേക്കടുപ്പിച്ചത്.

മൊഹ്‌സിന്‍ എറിഞ്ഞ 15ാം ഓവറിലെ ആദ്യ പന്തില്‍ റണ്ണൊന്നും പിറന്നില്ല. രണ്ടാം പന്തില്‍ ബൗണ്ടറി നേടിയ ക്ലാസന്‍ മൂന്ന്, നാല് പന്തുകളില്‍ സിക്‌സറും നേടിയിരുന്നു. അടുത്ത രണ്ട് പന്തിലും ബൗണ്ടറി നേടിയാണ് ക്ലാസന്‍ വെടിക്കെട്ട് അവസാനിപ്പിച്ചത്.

21 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറുമായി പുറത്താകാതെ 42 റണ്‍സാണ് ക്ലാസന്‍ അടിച്ചുകൂട്ടിയത്. 200 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റായിരുന്നു ക്ലാസനുണ്ടായിരുന്നത്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഓര്‍ക്കാസ്. കളിച്ച ഒറ്റ മത്സരവും തോല്‍ക്കാതെയാണ് ഓര്‍ക്കാസ് ജൈത്രയാത്ര തുടരുന്നത്.

സീസണില്‍ കളിച്ച എല്ലാ മത്സരത്തിലും പരാജയപ്പെട്ട ലോസ് ആഞ്ചലസ് നൈറ്റ് റൈഡേ്‌സിനെതിരെയാണ് ഓര്‍ക്കാസിന്റെ അടുത്ത മത്സരം. ജൂലൈ 23ന് നടക്കുന്ന പോരാട്ടത്തിന് ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കാണ് വേദിയാകുന്നത്.

Content highlight: Henrich Klassen scores 24 runs in an over

We use cookies to give you the best possible experience. Learn more