ഏഴ് മാസത്തില്‍ നാല് ടീമിനൊപ്പം സെഞ്ച്വറികള്‍; അതിലൊന്ന് വിരാടിനൊപ്പം റെക്കോഡും; It's Pure Klassic
Sports News
ഏഴ് മാസത്തില്‍ നാല് ടീമിനൊപ്പം സെഞ്ച്വറികള്‍; അതിലൊന്ന് വിരാടിനൊപ്പം റെക്കോഡും; It's Pure Klassic
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th July 2023, 2:47 pm

ഹെന്റിച്ച് ക്ലാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വര്‍ഷമായിരിക്കും 2023 എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ സെഞ്ച്വറിയടിച്ചാണ് ഈ പ്രോട്ടീസ് താരം ചര്‍ച്ചയുടെ ഭാഗമാകുന്നത്.

2023ല്‍ ഫ്രാഞ്ചൈസി ലീഗിലും ദേശീയ ടീമിനും വേണ്ടി മികച്ച പ്രകടനമാണ് ക്ലാസന്‍ പുറത്തെടുക്കുന്നത്.

ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ് ക്ലാസന്‍ തന്റെ ക്ലാസിക് ക്യാമ്പെയ്‌നിന് തുടക്കം കുറിക്കുന്നത്. എസ്.എ 20യില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെതിരെയാണ് ക്ലാസന്‍ സെഞ്ച്വറി വേട്ട ആരംഭിച്ചത്.

ടൂര്‍ണമെന്റില്‍ ഇരുവരും രണ്ടാമത് ഏറ്റുമുട്ടിയപ്പോഴാണ് ക്ലാസന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആദ്യ മത്സരത്തില്‍ ഇരുവരുമേറ്റമുട്ടിയപ്പോള്‍ 24 പന്തില്‍ നിന്നും 31 റണ്‍സാണ് താരം നേടിയത്. ആ മത്സരത്തില്‍ സൂപ്പര്‍ ജയന്റ്‌സ് 80 റണ്‍സിന് പുറത്താവുകയും എട്ട് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ സൂപ്പര്‍സ്‌പോര്‍ട് പാര്‍ക് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്ലാസന്‍ ആളിക്കത്തിയിരുന്നു. 44 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും ആറ് സിക്‌സറുമടക്കം 236.36 എന്ന സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 104 റണ്‍സാണ് താരം നേടിയത്. ക്ലാസന്റെ കരുത്തില്‍ സൂപ്പര്‍ ജയന്റ്‌സ് 151 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി.

മാര്‍ച്ചില്‍, വിന്‍ഡീസിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിലാണ് ക്ലാസന്‍ വീണ്ടും സെഞ്ച്വറി പൂര്‍ത്തിയാത്തിയത്.

പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് വിജയിക്കുകയും ചെയ്തിരുന്നു. രണ്ടാം മത്സരത്തില്‍ ക്ലാസന്‍ കളിച്ചിരുന്നില്ല. വിന്‍ഡീസ് ഉയര്‍ത്തിയ 336 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടീസ് 287ന് പുറത്തായി.

സെന്‍വാസ് പാര്‍ക്കില്‍ നടന്ന മൂന്നാം മത്സരത്തില്‍ കരീബിയന്‍സിന്റെ 261 റണ്‍സിന്റെ ലക്ഷ്യം പ്രോട്ടീസ് ക്ലാസന്റെ സെഞ്ച്വറി കരുത്തില്‍ അനായാസം മറികടക്കുകയായിരുന്നു. 61 പന്തില്‍ 15 ഫോറിന്റെയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ പുറത്താകാതെ 119 റണ്‍സാണ് താരം നേടിയത്. 195.08 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്. ഈ സെഞ്ച്വറിക്ക് പിന്നാലെ മാന്‍ ഓഫ് ദി മാച്ചായും മാന്‍ ഓഫ് ദി സീരീസായും ക്ലാസന്‍ മാറിയിരുന്നു.

ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് ക്ലാസന്‍ വീണ്ടും സെഞ്ച്വറിയടിച്ചത്. മെയ് 18ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 51 പന്തില്‍ നിന്നും 104 റണ്‍സാണ് താരം നേടിയത്.

ക്ലാസന്‍ സെഞ്ച്വറിയടിച്ചെങ്കിലും ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് വിജയത്തിലേക്ക് നടന്നുകയറിയത്. ഒരു ഇന്നിങ്‌സില്‍ രണ്ട് ടീമിലെ താരങ്ങള്‍ സെഞ്ച്വറിയടിക്കുന്ന ഐ.പി.എല്ലിലെ ആദ്യ മത്സരമായും ഇത് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു.

മറ്റൊരു ഫ്രാഞ്ചൈസി ലീഗില്‍ക്കൂടി ക്ലാസന്‍ സെഞ്ച്വറി തികച്ചിരിക്കുകയാണ്. മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം.ഐ ന്യൂയോര്‍ക്കിനെതിരെയാണ് സിയാറ്റില്‍ ഓര്‍ക്കാസിന് വേണ്ടി ക്ലാസന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ബുധനാഴ്ച ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ന്യൂയോര്‍ക് ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യം ക്ലാസന്റെ സെഞ്ച്വറിയുടെ ബലത്തില്‍ ഓര്‍ക്കാസ് അനായാസം മറികടക്കുകയായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങി 44 പന്തില്‍ നിന്നും പുറത്താകാതെ 110 റണ്‍സാണ് താരം നേടിയത്. ഒമ്പത് ബൗണ്ടറിയും ഏഴ് സിക്‌സറുമാണ് ക്ലാസന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

 

Content Highlight: Henrich Klassen scored century with 4 different teams