| Monday, 8th January 2024, 1:42 pm

സൗത്ത് ആഫ്രിക്കയെ ഞെട്ടിച്ച് അടുത്ത വിരമിക്കല്‍; ബെസ്റ്റ് ഫോര്‍മാറ്റിനോട് ഗുഡ് ബൈ പറഞ്ഞ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ തരം ഹെന്റിച്ച് ക്ലാസന്‍. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്നതിനിടെയാണ് ക്ലാസന്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ആകെ നാല് മത്സരത്തില്‍ മാത്രമാണ് ക്ലാസന്‍ പ്രോട്ടിയാസിന് വേണ്ടി ബാറ്റ് ചെയ്തിട്ടുള്ളത്. എട്ട് മത്സരത്തില്‍ നിന്നും 104 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ പുറത്തെടുക്കുന്ന എക്‌സ്‌പ്ലോസിവ് ബാറ്റിങ് അപ്രോച്ച് ക്ലാസന്‍ റെഡ് ബോളില്‍ പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ടെസ്റ്റില്‍ നിന്നും വിരമിച്ച് പൂര്‍ണമായും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ ശ്രദ്ധ ചെലുത്താനാണ് ക്ലാസന്റെ തീരുമാനം.

‘ഉറക്കമില്ലാത്ത കുറച്ച് രാത്രികള്‍ക്ക് ശേഷം, ഇപ്പോള്‍ സ്വീകരിക്കുന്നത് ശരിയായ തീരുമാനമാണോ എന്ന് എനിക്കറിയില്ല. ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്, കാരണം ഇത് ഗെയിമിലെ എന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റാണ്.

മൈതാനത്തും പുറത്തും ഞാന്‍ നേരിട്ട പോരാട്ടങ്ങളാണ് എന്നെ ഇന്ന് കാണുന്ന ക്രിക്കറ്ററായി രൂപപ്പെടുത്തിയത്. ഇതൊരു മികച്ച യാത്രയാണ്, എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

എന്റെ ബാഗി ടെസ്റ്റ് ക്യാപ്പാണ് എനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലയേറിയ ക്യാപ്. എന്റെ റെഡ് ബോള്‍ കരിയറില്‍ പങ്കുവഹിക്കുകയും എന്നെ ഇന്നത്തെ ക്രിക്കറ്ററായി രൂപപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ഇപ്പോള്‍ ഒരു പുതിയ വെല്ലുവിളി എന്നെ കാത്തിരിക്കുകയാണ്,’ ക്ലാസന്‍ പറഞ്ഞു.

ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും മികച്ച ഫസ്റ്റ് ക്ലാസ് കരിയറാണ് ക്ലാസനുള്ളത്. 85 മത്സരത്തിലെ 135 ഇന്നിങ്‌സില്‍ നിന്നും 5,347 റണ്‍സാണ് താരം സ്വന്തമാക്കിയത്. 12 സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ ക്ലാസന്റെ ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് സ്‌കോര്‍ 292 ആണ്.

Content highlight: Henrich Klassen retires from test

We use cookies to give you the best possible experience. Learn more