| Sunday, 28th January 2024, 10:00 pm

312.5ല്‍ അര്‍ധ സെഞ്ച്വറി; രാജസ്ഥാന്റെ റോയല്‍സിനോട് ഒരു ദയവും ഇല്ലാത്ത വെടിക്കെട്ട്; റെക്കോഡിട്ട് ഔട്ടായി ക്ലാസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ 20യില്‍ ചരിത്രം കുറിച്ച് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസന്‍. എസ്.എ 20 2024ലെ 22ാം മത്സരത്തിലാണ് തന്റെ വെടിക്കെട്ടിലൂടെ ക്ലാസന്‍ റെക്കോഡ് സൃഷ്ടിച്ചത്.

പാള്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ക്ലാസന്‍ റെക്കോഡ് നേട്ടം തന്റെ പേരിലാക്കിയത്. എസ്.എ 20യിലെ ഏറ്റേവും വേഗമേറിയ അര്‍ധ സെഞ്ച്വറി എന്ന നേട്ടമാണ് സൗത്ത് ആഫ്രിക്കന്‍ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ തന്റെ പേരില്‍ കുറിച്ചത്.

നേരിട്ട 16ാം പന്തിലാണ് ക്ലാസന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ആറ് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെയാണ് താരം അര്‍ധ സെഞ്ച്വറി നേട്ടം തന്റെ പേരില്‍ കുറിച്ചത്. 312.50 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ക്ലാസന്‍ അര്‍ധ സെഞ്ച്വറി നേട്ടം ആഘോഷമാക്കിയത്.

ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ശേഷം തൊട്ടടുത്ത പന്തില്‍ തന്നെ ക്ലാസന്‍ ഔട്ടാവുകയും ചെയ്തിരുന്നു. ഒബെഡ് മക്കോയ്‌യുടെ പന്തില്‍ ജേസണ്‍ റോയ്ക്ക് ക്യാച്ച് നല്‍കിയാണ് ക്ലാസന്‍ മടങ്ങിയത്.

ക്ലാസന് പുറമെ ഓപ്പണര്‍ മാത്യൂ ബ്രീറ്റ്‌സ്‌കിയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 43 പന്തില്‍ 78 റണ്‍സ് നേടിയാണ് താരം പുറത്തായത്. ആറ് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 36 പന്തില്‍ 38 റണ്‍സ് നേടിയ മാര്‍കസ് സ്റ്റോയ്‌നിസും സൂപ്പര്‍ ജയന്റ്‌സ് സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 എന്ന നിലയില്‍ സൂപ്പര്‍ ജയന്റ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

റോയല്‍സിനായി തബ്രായിസ് ഷംസിയും ഒബെഡ് മക്കോയ്‌യും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇമാദ് ഫോര്‍ച്യൂണ്‍, ലുങ്കി എന്‍ഗിഡി, ഫാബിയന്‍ അലന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാള്‍ റോയല്‍സിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കവെ ജോസ് ബട്‌ലര്‍ പുറത്തായി. ആറ് പന്തില്‍ ആറ് റണ്‍സാണ് താരം നേടിയത്.

തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ സൂപ്പര്‍ ജവന്റ്‌സ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതോടെ റോയല്‍സ് സമ്മര്‍ദത്തിലായിരിക്കുകയാണ്. നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 62ന് ആറ് എന്ന നിലയിലാണ് പിങ്ക് പട. 19 പന്തില്‍ 29 റണ്‍സടിച്ച മിച്ചല്‍ വാന്‍ ബ്യൂറനാണ് ക്രീസില്‍. എട്ടാമനായി ഇമാദ് ഫോര്‍ച്യൂണ്‍ ആണ് കളത്തിലിറങ്ങേണ്ടത്.

Content Highlight: Henrich Klaasen scored fastert 50 in SA20

Latest Stories

We use cookies to give you the best possible experience. Learn more