| Saturday, 21st October 2023, 8:04 pm

റെക്കോഡിടാന്‍ പറ്റും, എന്നാല്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാലോ! ക്ലാസന്‍ - യാന്‍സെന്‍ ആറാട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

നെതര്‍ലന്‍ഡ്‌സിനെതിരായ ഞെട്ടിക്കുന്ന തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കരകയറാനാണ് സൗത്ത് ആഫ്രിക്ക ഒരുങ്ങുന്നത്. അതിന് നേരിടാനുള്ളതാകട്ടെ കരുത്തരായ ഇംഗ്ലണ്ടിനെയും.

വാംഖഡെ സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്ക വീണ്ടും തങ്ങളുടെ ക്ലാസ് പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ കളി മറന്നു. മത്സരത്തില്‍ ടോസ് നേഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്.

ഹെന്റിച്ച് ക്ലാസന്റെ സെഞ്ച്വറിയും റീസ ഹെന്‍ഡ്രിക്‌സ്, മാര്‍കോ യാന്‍സെന്‍, റാസി വാന്‍ ഡെര്‍ ഡസന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് പ്രോട്ടീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ക്ലാസന്‍ 67 പന്തില്‍ 109 റണ്‍സടിച്ചപ്പോള്‍ ഹെന്‍ഡ്രിക്‌സ് 75 പന്തില്‍ 85ഉം മാര്‍കോ യാന്‍സെന്‍ 42 പന്തില്‍ 75ഉം വാന്‍ ഡെര്‍ ഡസന്‍ 61 പന്തില്‍ 60 റണ്‍സും നേടി.

ഈ മത്സരത്തില്‍ പുരുഷ ക്രിക്കറ്റിലെ തന്നെ ഒരു ചരിത്ര നേട്ടവും പിറന്നിരുന്നു. 150 റണ്‍സ് കൂട്ടുകെട്ടിലെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കോഡാണ് പ്രോട്ടീസ് സ്വന്തമാക്കിയത്.

ആറാം വിക്കറ്റിലെ ക്ലാസന്‍ – യാന്‍സെന്‍ കൂട്ടുകെട്ടിലാണ് ഈ റെക്കോഡ് പിറവിയെടുത്തത്. ഇരുന്നൂറിനടുത്ത് സ്‌ട്രൈക്ക് റേറ്റിലാണ് ഇവര്‍ റണ്ണടിച്ചുകൂട്ടിയത്.

കേവലം 76 പന്തില്‍ നിന്നുമാണ് ഇവര്‍ 150 റണ്‍സ് പൂര്‍ത്തിയാക്കിയത്. 197.37 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇരുവരും ചേര്‍ന്ന് 150 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

37ാം ഓവറിലെ മൂന്നാം പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായതിന് ശേഷം ടീം സ്‌കോര്‍ 243ല്‍ നില്‍ക്കവെയാണ് യാന്‍സെനും ക്ലാസനും ക്രീസില്‍ ഒന്നിക്കുന്നത്. ശേഷം 50ാം ഓവറിലെ ആദ്യ പന്തില്‍ ക്ലാസന്‍ പുറത്തായി ഈ കൂട്ടുകെട്ട് പിരിയുമ്പോള്‍ ടീം സ്‌കോര്‍ ചെന്നെത്തി നിന്നത് 394ലാണ്. ക്ലാസനെ ക്ലീന്‍ ബൗള്‍ഡാക്കി ഗസ് ആറ്റ്കിന്‍സനാണ് കൂട്ടുകെട്ട് പൊളിച്ചത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്.

400 റണ്‍സ് ലക്ഷ്യവുമായി കളത്തിലറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പിഴച്ചു. ആദ്യ നാല് ഓവറിനുള്ളില്‍ രണ്ട് മുന്‍നിര വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 74ന് ആറ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഡേവിഡ് മലന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ഹാരി ബ്രൂക്ക് എന്നിവരെയാണ് ഇംഗ്ലണ്ടിന് നഷ്ടമായിരിക്കുന്നത്. എട്ട് പന്തില്‍ ആറ് റണ്‍സുമായി ഡേവിഡ് വില്ലിയും രണ്ട് പന്തില്‍ റണ്‍സൊന്നും നേടാതെ ആദില്‍ റഷീദുമാണ് ക്രീസില്‍.

Content Highlight: Henrich Klaasen and Marco Jansen created record partnership in men’s cricket

We use cookies to give you the best possible experience. Learn more