പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്തു; കമ്യൂണിസ്റ്റ് നേതാവിന് വധശിക്ഷ
World
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്തു; കമ്യൂണിസ്റ്റ് നേതാവിന് വധശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2013, 12:16 pm

[]ബെയ്ജിങ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ നേതാവിന് വധശിക്ഷ. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ലീ സിങ് യോങ്ങിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.[]

യോങ്ങിനെതിരെ ചൈനയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. 2012 ലാണ് യോങ്ങിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്.

കാറില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. പിന്നീട് ഇയാള്‍ക്കെതിരെയുള്ള മറ്റ് ലൈംഗികാതിക്രമ സംഭവങ്ങളും പുറത്ത് വരികയായിരുന്നു. നേരത്തേ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് സുപ്രീം പീപ്പിള്‍സ് കോടതിയും ശരിവെച്ചു.

2011 നും 2012 നും ഇടയിലാണ് ഇയാള്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടത്തിയത്. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യോങ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുകയായിരുന്നു.

യോങ് ചെയ്ത കുറ്റകൃത്യങ്ങള്‍ പരിഗണിച്ച് അദ്ദേഹം വധശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവമേറിയതാണെന്നുമാണ് ചൈനയിലെ പൊതു വികാരം.

ചൈനയില്‍ അടുത്തകാലത്തായി കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 44 കാരനായ യോങ്ങിനെ നേരത്തേ നാല് വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു.