കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോതെറാപ്പി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Kerala
കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോതെറാപ്പി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 1:10 pm

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോടും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം പന്തളം കുടശനാട് സ്വദേശിനിയായ യുവതിക്ക് കാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കാന്‍സര്‍ ചികില്‍സയ്ക്ക് നടപടിക്രമങ്ങള്‍ നിശ്ചയിക്കുമെന്ന് ആരോഗ്യമന്തി. കുടശനാട് സ്വദേശി രജനിയുടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരിട്ടതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കാന്‍സര്‍ ചികില്‍സയ്ക്കുള്ള നടപടിക്രമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും. ഇതനുസരിച്ചായിരിക്കും ഇനിയുള്ള സംസ്ഥാനത്തെ ചികില്‍സാ നടപടികള്‍. കോട്ടയത്തെ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

കാന്‍സര്‍ കണ്ടെത്താതെ കീമോ നടത്തിയ സംഭവത്തിലും തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സ്വകാര്യ ലാബിനെതിരെയും നടപടി ആവശ്യപ്പെട്ട് യുവതി ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.