റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ജെ.എം.എം എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഹേമന്ത് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്.
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ജെ.എം.എം എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഹേമന്ത് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്.
നിലവിലെ മുഖ്യമന്ത്രി ചമ്പായി സോറന്റെ വസതിയില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ സഖ്യത്തിലെ നേതാക്കളും എം.എല്‍.എമാരും ഹേമന്ത് സോറനെ ജെ.എം.എം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ജെ.എം.എം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളിലെ എം.എല്‍.എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. 81 അംഗ സഭയില്‍ മഹാസഖ്യത്തിന് 41 എം.എല്‍.എമാരാണ് ഉള്ളത്.
ചമ്പായി സോറന് പകരം ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ യോഗം തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ആയിരിക്കെയാണ് ഹേമന്ത് സോറനെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തത്.
ജനുവരി 31ന് ഇ.ഡി അറസ്റ്റ് ചെയ്യുന്നതിന് തലേദിവസമാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഇ.ഡി അറസ്റ്റിന് ശേഷം ഏകദേശം അഞ്ച് മാസം കഴിഞ്ഞാണ് ജൂണ്‍ 28ന് ജാര്‍ഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്.
അതിനിടെ, ഹേമന്ത് സോറനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. ജാര്‍ഖണ്ഡില്‍ ചമ്പായി സോറന്‍ യുഗം അവസാനിച്ചെന്ന് ബി.ജെ.പി എം.പി നിഷ്‌കാന്ത് ദുബെ എക്‌സില്‍ കുറിച്ചു. കുടുംബാധിഷ്ഠിത പാര്‍ട്ടിയില്‍, കുടുംബത്തിന് പുറത്തുള്ള ആളുകള്‍ക്ക് രാഷ്ട്രീയ ഭാവിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹേമന്ത് സോറന്റെ അറസ്റ്റിന് ശേഷം ഫെബ്രുവരി രണ്ടിന് ജാര്‍ഖണ്ഡിന്റെ 12ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചമ്പായി സോറന്‍ ഉടന്‍ രാജിവച്ചേക്കുമെന്നും പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.
Content Highlight: Hemant Soren likely to return as Jharkhand CM: Reports