റാഞ്ചി: ട്രൈബല്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ട സംസ്ഥാനത്തിന് ട്രൈബല്‍ മ്യൂസിയം അനുവദിച്ച കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെയായിരുന്നു ജാര്‍ഖണ്ഡിന് ട്രൈബല്‍ മ്യൂസിയം അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്.
താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് സംസ്ഥാനത്ത് സര്‍വ്വകലാശാല അനുവദിക്കണമെന്നായിരുന്നെന്നും അല്ലാതെ മ്യൂസിയമല്ലായിരുന്നെന്നും സോറന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റിലുടനീളം നിഴലിച്ചുനിന്നിരുന്നത് ഭാരതീയ ജനതാ പാര്‍ട്ടി എന്നതിനപ്പുറം ഭാരതീയ ബിസിനസ്മാന്‍സ് പാര്‍ട്ടി എന്ന ആശയമായിരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.
റെയില്‍വേയും ബി.എസ്.എന്‍.എല്ലും അവര്‍ വിറ്റുകഴിഞ്ഞു. ഇനി വില്‍ക്കാന്‍ രാജ്യം മാത്രമാണ് ബാക്കിയുള്ളതെന്നും ഹേമന്ദ് സോറന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, റാഞ്ചിയില്‍ ട്രൈബല്‍ മ്യൂസിയം അനുവദിച്ച കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തുകയാണ് കേന്ദ്ര പട്ടിക വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ഡ. രാജ്യ താല്‍പര്യങ്ങളാണ് ബജറ്റില്‍ പ്രതിഫലിച്ചതെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി നിര്‍മലാ സീതാരാമനെയും താന്‍ അഭിനന്ദിക്കുകയാണെന്നുമാണ് അര്‍ജുന്‍ മുണ്ഡെ അഭിപ്രായപ്പെട്ടത്.