| Wednesday, 25th December 2019, 3:01 pm

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്കേറ്റ പ്രഹരത്തിനു പിന്നില്‍ ഒരേയൊരു മനുഷ്യന്‍; രഘുബര്‍ ദാസിനെ മലര്‍ത്തിയടിച്ച ഹേമന്ത് സോറന്‍ ടെക്‌നിക് ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബി.ജെ.പിയെ, മാസങ്ങള്‍ക്കു ശേഷം മാത്രം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ പ്രതിപക്ഷത്തെ സഹായിച്ചത് ഒരാളുടെ മികവ്. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ മകനും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവുമായ ഹേമന്ത് സോറന്റെ മികവാണ് കാര്യങ്ങള്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും അടങ്ങുന്ന മഹാസഖ്യത്തിന് അനുകൂലമാക്കിയത്.

പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ടതും ജനങ്ങള്‍ക്കിടയില്‍ നേടിയെടുത്ത സ്വീകാര്യതയുമാണ് ഹേമന്ത് സോറനെ ഇതിനു സഹായിച്ചത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നേടിയെടുത്ത സ്വീകാര്യത ഹേമന്തിന്റെ പാര്‍ട്ടി നേടിയ വോട്ടുകളില്‍ പ്രതിഫലിച്ചു.

മാത്രമല്ല, രണ്ടുമാസം മുന്‍പു നടന്ന ബദ്‌ലാവ് യാത്ര (മാറ്റത്തിന്റെ യാത്ര) ഹേമന്ത് സോറന്റെ ജനപിന്തുണ വര്‍ധിപ്പിച്ചു. പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ജനങ്ങളിലേക്കെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതോടൊപ്പം തന്നെ പ്രധാനമന്ത്രി ആവാസ് യോജന ഫലപ്രദമല്ലെന്നും പരിമിതകളുള്ളതാണെന്നും വിമര്‍ശിച്ച അദ്ദേഹം, ശുചിമുറിയും അടുക്കളയും ഉള്‍പ്പെടുന്ന വീടുകള്‍ മൂന്നുലക്ഷം രൂപയ്ക്കു നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്തു.

പത്തിന കര്‍മപദ്ധതിയാണു ജനങ്ങളിലേക്കെത്തിക്കാന്‍ ഒരുവര്‍ഷം മുന്‍പ് ഹേമന്ത് സോറന്‍ തുടങ്ങിയത്. 2018 മാര്‍ച്ച് 12-ന് വിദഗ്ധരുമായി ചേര്‍ന്നാണ് ഇതു തുടങ്ങിയത്. ഓക്‌സ്ഫഡ്, എസെക്‌സ്, ടിസ് സര്‍വകലാശാലകളിലെ വിദഗ്ധരാണ് ഹേമന്ത് സോറനു വേണ്ടി പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

ഒരുവശത്ത് രഘുബര്‍ ദാസ്, മറുവശത്ത് ഹേമന്ത് സോറന്‍ എന്ന മാതൃകയിലാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പിനെ കൊണ്ടുപോയത്. ജനപ്രിയനും സൗമ്യനുമായ ഹേമന്ത് ഒരുവശത്തു നില്‍ക്കുമ്പോള്‍, ധാര്‍ഷ്ട്യക്കാരനെന്ന പേര് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ കേട്ടിട്ടുള്ള രഘുബറിനു ജനപിന്തുണ നഷ്ടപ്പെട്ടു.

സാമൂഹ്യമാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും ഹേമന്തിനായി. ജാര്‍ഖണ്ഡിലെ പതിവ് ശൈലിയില്‍ നിന്നു വ്യത്യസ്തമായി തന്റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തിനായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഹേമന്ത് നടത്തിയത് 165 റാലികളാണെന്നുള്ളതു ശ്രദ്ധിക്കണം. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ ഹേമന്ത് എത്തി. കൂടാതെ ജെ.എം.എം മീഡിയാ വോളന്റിയര്‍മാരെയും ഓരോ സ്ഥലത്തും വിനിയോഗിച്ചു.

ബി.ജെ.പി പൗരത്വ ഭേദഗതി നിയമത്തിലും ആര്‍ട്ടിക്കിള്‍ 370-ലും വിശദീകരണം നല്‍കാന്‍ സമയം കണ്ടെത്തുമ്പോള്‍, ഹേമന്ത് സോറന്‍ പ്രാദേശിക വിഷയങ്ങളില്‍ നിന്നു ശ്രദ്ധ മാറ്റിയില്ല. അതുകൊണ്ടുതന്നെയാണു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വരെ പ്രചാരണങ്ങളെ അനായാസേന മറികടക്കാന്‍ അദ്ദേഹത്തിനായത്.

We use cookies to give you the best possible experience. Learn more