അഹദാബാദ്: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സ്വതന്ത്ര എം.എല്‍.എയും ദളിത് ചിന്തകനുമായ ജിഗ്നേഷ് മേവാനിക്ക് നല്‍കിയ ക്ഷണം പിന്‍വലിക്കുകയും പരിപാടി റദ്ദാക്കുകയും ചെയ്ത സ്ഥാപനത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് താന്‍ രാജി വെച്ചതിനെ മഹത് വത്കരിക്കേണ്ടതില്ലെന്ന് ഹേമന്തകുമാര്‍ ഷാ. പരിപാടി നടത്താനിരുന്ന അഹമദാബാദിലെ കെ.ആര്‍ ആര്‍ട് കോളേജിലെ പ്രിന്‍സിപ്പള്‍ ആയിരുന്നു ഹേമന്തകുമാര്‍.
“എന്റെ രാജി വീരോചിതമായ ഒരു നിലപാടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നില്ല. എന്റെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായേ ഞാനതിനെ കാണുന്നുള്ളു. അക്കാദമിക്കുകളുടെ കഴിവുകള്‍ സര്‍ക്കാരിനാലും സര്‍വകലാശാലകളാലും എന്തിന് വിദ്യാര്‍ത്ഥികളാലും വരെ അടിച്ചമര്‍ത്തപ്പെട്ട് ഒരു സംസ്ഥാനത്ത്, ട്രസ്റ്റ് എടുത്ത ഇത്തരം ഒരു തീരുമാനം അഭിപ്രായ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ്”- ഹേമന്തകുമാര്‍ പറയുന്നു.
Also Read ഗണിതവും ശാസ്ത്രവും പഠിച്ച സമയത്ത് വല്ല തന്ത്ര സമുച്ചയമോ മറ്റോ പഠിച്ചാല്‍ മതിയായിരുന്നു; കെ.ആര്‍ മീര
കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്ന ജിഗ്നേഷ് മേവാനിയുടെ പരിപാടി റദ്ദു ചെയ്യാനുള്ള സംഘപരിവാറിന്റെ ആവശ്യം അംഗീകരിച്ച കോളേജ് ട്രസ്റ്റിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഷാ ദി വയറില്‍ എഴുതിയ കുറപ്പില്‍ വിശദീകരിക്കുന്നു. മേവാനിയുടെ പരിപാടി റദ്ദാക്കിയ ഉടന്‍ ട്രസ്റ്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹേമന്ത്കുമാറും സ്ഥാപനത്തിന്റെ വൈസ് പ്രിന്‍സിപ്പലും രാജി വെച്ചിരുന്നു.
തന്റെ നിലപാടിനെ പ്രകീര്‍ത്തിച്ച് നിരവധി സന്ദേശങ്ങള്‍ തനിക്ക് ലഭിക്കുന്നതായും എന്നാല്‍ താന്‍ ചെയ്തത് മഹത്‌വത്കരിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറയുന്നു. “എന്നെ സംബന്ധിച്ചിടത്തോളം ഇത് മഹത്തായ ഒരു പ്രവര്‍ത്തിയല്ല. ഇത് ഒരു വ്യക്തിയെക്കുറിച്ചല്ല, ഇത് ജിഗ്നേഷ് മേവാനിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചല്ല, ഇത് വിശാലാര്‍ത്ഥത്തില്‍ ആശയങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതാണ്, എന്റെ സ്വാന്ത്ര്യത്തെക്കുറിച്ചാണ്, അത് നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചാണ്”- അദ്ദേഹം പറഞ്ഞു.
കെ.ആര്‍ ആര്‍ട് കോളേജില്‍ മുമ്പ് അമിത് ഷാ, സാം പിത്രോഡ, സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളുടെ പരിപാടികള്‍ നടത്തിയിരുന്നതായും ഹേമന്ത്കുമാര്‍ ചൂണ്ടിക്കാട്ടുന്നു. “അമിത് ഷായെ സംസാരിക്കുന്നതില്‍ നിന്നും വിലക്കാത്ത സ്ഥാപനം, വാദ്ഗാമിന്റെ ജനപ്രതിനിധിയായ ജിഗ്നേഷ് മേവാനിയെ എന്തിനു നിരാകരിക്കുന്നു”- അദ്ദേഹം ചോദിക്കുന്നു.
ആശയങ്ങള്‍ അടിച്ചമര്‍ത്തുന്നത്, പ്രത്യേകിച്ച് സര്‍വകലാശാലകളില്‍ അത് നടക്കുന്നത് ഗൗരവതരമാണെന്നും നേരത്തെയും ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഹമദാബാദ് സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവേശിക്കേണ്ടിയിരുന്ന പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും ഇത്തരം സംഘപരിവാര്‍ ആക്രമണത്തിന് വിധേയനായിരുന്നു.