വിജയമുറപ്പിച്ച് ഹേമമാലിനി; സുമലത, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കും മുന്നേറ്റം
കോഴിക്കോട്: 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ‘ താര ‘ സ്ഥാനാര്‍ത്ഥികളായ ഹേമമാലിനിയും സുമലതയും വിജയമുറപ്പിക്കുന്നു. അതേസമയം പ്രകാശ് രാജ് തോല്‍വിയിലേക്ക് കടക്കുകയും ചെയ്യുന്നതായാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹേമമാലിനി 1,26,642 വോട്ടുകള്‍ നേടിയാണ് മുന്നേറുന്നത് എതിര്‍ സ്ഥാനാര്‍ത്ഥി ആര്‍.എല്‍.ഡി യുടെ കുന്‍വര്‍ നരേന്ദ്ര സിങ്ങ് 61,983 വോട്ട് മാത്രമാണ് നേടിയത്.
കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തി കര്‍ണാടകയിലെ മാണ്ഡ്യയില്‍ സുമലത വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ ലീഡ് നേടിയിരുന്നു. എന്നാല്‍ നിഖില്‍ കുമാരസ്വാമി കടുത്ത മത്സരം മുന്നോട്ട് വെക്കുന്നുണ്ട്.
ഈസ്റ്റ് ദല്‍ഹിയില്‍ ഗൗതം ഗംഭീറും മുന്നില്‍ തന്നെ തുടരുകയാണ്. ബാഗ്ലൂര്‍ സെന്‍ട്രലില്‍ മത്സരിച്ച നടന്‍ പ്രകാശ് രാജ് പരാജയം ഉറപ്പിച്ചു കഴിഞ്ഞു.
അതേസമയം കേരളത്തിലെ താര മത്സരാര്‍ത്ഥികളായിരുന്ന സുരേഷ്‌ഗോപിയും ഇന്നസെന്റും പിന്നിലാണ്. തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപി മൂന്നാം സ്ഥാനത്തും ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് രണ്ടാം സ്ഥാനത്തുമാണ്.