തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തുവരുന്നത്. റിപ്പോർട്ടിൽ പേജ് നമ്പർ 55ലും 556ലും കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറയുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തൊഴിലിന് പകരം ശരീരം ആവശ്യപ്പെടുന്നുണ്ടെന്നും അഭിനയിക്കാൻ രക്ഷിതാക്കൾ ഒപ്പം പോവേണ്ടി വരുന്നുവെന്നും ആളുകൾ മുറിയുടെ വാതിലുകളിൽ മുട്ടുന്നത് പതിവാണെന്നും ഹേമ കമ്മീഷനിലെ മൊഴികളിൽ വ്യക്തമാവുന്നു.
വാതിൽ പൊളിഞ്ഞു വീഴുമെന്ന് പോലും ആശങ്കപ്പെട്ടിട്ടുള്ള അതിഗുരുതര ആരോപണമാണ് ഈ റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത്.
ശാരീരിക ബന്ധത്തിന് വേണ്ടി വിളിക്കുന്നവർ വന്ന് വാതിലിൽ തട്ടുമ്പോൾ തന്റെ റൂമിന്റെ വാതിൽ പൊളിഞ്ഞുപോവുമോയെന്ന പേടിയോടെ ഒരു രാത്രി തള്ളിനീക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ഒരു നടിയുടെ മൊഴിയിൽ പറഞ്ഞിട്ടുള്ളത്. മലയാള സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടികൾ ഭയപ്പെടുന്നുവെന്നും അഭിനയിക്കാനായി രക്ഷിതാക്കളോടൊപ്പം പോകേണ്ടി വരുന്നുവെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്റ്റാർ ഹോട്ടലുകളിലും സാധാരണ ലൊക്കേഷനിൽ താമസിച്ചാലും ഇത് പതിവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ മലയാളത്തിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള വ്യക്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
2019 ഡിസംബര്‍ 31നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബിൾയു.സി.സി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്
Content Highlight: Hema Committee Report Says That Casting Couch In Malayalam Cinema