തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്.
കാണുന്നതെല്ലാം വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആദ്യ പേജില്‍ പറയുന്നത്. മൊഴികൾ ഞെട്ടിക്കുന്നതാണെന്നും ഹേമ കമ്മീഷൻ പറയുന്നു. മൊഴികൾ നൽകിയവരുടെ വിവരങ്ങൾ സുരക്ഷിതമാക്കിയതിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അവസരം തേടിയെത്തുന്ന സ്ത്രീകളുടെ ശരീരമാണ് മലയാള സിനിമയിലെ ശക്തി കേന്ദ്രങ്ങൾ ആദ്യം ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസില്‍ പരാതിപ്പെട്ടാല്‍ കുടുംബത്തെ തന്നെ ബാധിക്കുന്ന വിധത്തിലാണ് സിനിമയിലെ ശക്തി കേന്ദ്രങ്ങള്‍ അതിജീവിതക്കൾക്കതിരെ മുന്നോട്ടുനീങ്ങുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. റിപ്പോർട്ട് ചെയ്യപ്പെട്ട ഏക വിഷയമാണിതെന്നും ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം വിവാദമായതിന് പിന്നാലെയാണ് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിക്കാനുള്ള നടപടിയെടുക്കുന്നതും.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് പരാതിപ്പെട്ടവരെ സിനിമയിൽ നിന്ന് വിലക്കുകയാണെന്നും പരാതിപ്പെട്ടാൽ തന്നെ അതിന്റെ ഉള്ളടക്കം പരസ്യമാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിലിടങ്ങളിൽ സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്നത് സുരക്ഷിതമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഏതെങ്കിലും കാരണത്താൽ കരാർ ലംഘിക്കേണ്ടി വരുന്നവരെ സിനിമയിൽ നഗ്നത പ്രദർശനത്തിന് നിർബന്ധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയെ സ്ത്രീവിരുദ്ധ പവർ ഗ്രൂപ്പാണ് നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലഹരി മാഫിയയുടെ കൈകളിലൂടെയാണ് മലയാള സിനിമ പ്രവർത്തിക്കുന്നത്. ഇത്തരം മാഫിയകളുടെ അടിമകളായവരിൽ നിന്ന് സ്ത്രീകൾ അധിക്ഷേപം നേരിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോക്സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളാണ് സിനിമാ മേഖലയിൽ നടക്കുന്നതെന്നും ഹേമ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2019ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിര്‍ന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവര്‍ അംഗങ്ങളായ ഹേമ കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്.
2019 ഡിസംബര്‍ 31നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ലിയു.സി.സി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി നാലര വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുറത്തുവരുന്നത്.
Updating…..
Content Highlight: Hema committee report out