എല്ലാ കാര്യങ്ങളും പുറത്തുവിടാനാകില്ല, നിയമവശങ്ങള്‍ പഠിച്ചതിന് ശേഷം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടും: സജി ചെറിയാന്‍
Kerala News
എല്ലാ കാര്യങ്ങളും പുറത്തുവിടാനാകില്ല, നിയമവശങ്ങള്‍ പഠിച്ചതിന് ശേഷം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടും: സജി ചെറിയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th July 2024, 6:02 pm

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശത്തില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതക്കെതിരായ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ ആ വിവരങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു.

ഇത് തന്നെയാണ് വിവരാവകാശ കമ്മീഷന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമപരമായി പഠിച്ചതിന് ശേഷം ഏതൊക്കെ കാര്യങ്ങള്‍ പുറത്തുവിടാമെന്ന് തീരുമാനിച്ച് അത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു വ്യക്തിയെയും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറയുന്നില്ല. ചില സംശയങ്ങളും സാഹചര്യ തെളിവുകളും മാത്രമാണ് അതില്‍ പറയുന്നത്. അത് വെച്ചുകൊണ്ട് നമുക്ക് ഒരു കേസിലേക്ക് പോകാന്‍ സാധിക്കില്ല. ഇതുവെച്ച് ആ വ്യക്തിയെയാണ് റിപ്പോര്‍ട്ടില്‍ ഉദ്ദേശിച്ചതെന്ന് നമുക്ക് ഊഹിക്കാനാകില്ല. ആര്‍ക്കെങ്കിലും വ്യക്തിപരമായി പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാം,’ സജി ചെറിയാന്‍ പറഞ്ഞു.

സിനിമാ മേഖലയിലെ കള്ളപ്പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ ധനകാര്യ വകുപ്പിന്റെ പരിതിയില്‍ വരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മീന്‍ റിപ്പോര്‍ട്ടില്‍ ഒരുപാട് വിഷയങ്ങള്‍ പറയുന്നുണ്ട്. നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ കൂടെ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു സിനിമ കോണ്‍ഗ്ലേവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതില്‍ മുഖ്യമായി സിനിമാ ണേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും സിനിമ മേഖലയുടെ ഭാവി എന്നിവ സംബന്ധിച്ച് ഒരു രൂപരേഖ തയ്യാറാക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

കേരളത്തില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വിലക്കപ്പെട്ടത് ഒഴികെയുള്ള വിവരങ്ങള്‍ സമൂഹം അറിയുന്നതില്‍ തെറ്റില്ലെന്ന് വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

2019 ഡിസംബര്‍ 31നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ലിയു.സി.സി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ആര്‍.ടി.ഐ നിയമപ്രകാരം വിലക്കപ്പെടുന്ന വിവരങ്ങള്‍ ഒഴികെ മറ്റൊന്നും മറച്ചുവെക്കാന്‍ ഒരു സര്‍ക്കാരിനും അധികാരമില്ല. ആര്‍.ടി.ഐ സെക്ഷന്‍ 10 പ്രകാരം ഈ വിവരങ്ങള്‍ ഒഴിവാക്കാമെന്നും എന്നാല്‍ ഇക്കാര്യം അപേക്ഷകനെ അറിയിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ മാറ്റിവെക്കാം. അതിനര്‍ത്ഥം റിപ്പോര്‍ട്ട് പുറത്തുവിടേണ്ട എന്നല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ജൂലൈ 23ന് അകം റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചത്.

Content Highlight: Hema Commission report will release after studying legal aspects: Saji Cherian