എത്രയൊക്കെ നിര്‍ബന്ധമാക്കിയാലും ഇരുചക്ര വാഹനയാത്രക്കാരുടെ തലയില്‍ കയറാത്ത സാധനം ഹെല്‍മറ്റ് തന്നെയാണ്. എന്നാലിതാ തായി ഹെല്‍ത്ത് പ്രമോഷന്‍ ഫൗണ്ടേഷന്‍ വികസിപ്പിച്ചെടുത്ത ഈ ഹെല്‍മറ്റ് എല്ലാവരും ധരിക്കും. കാരണം ഈ ഹെല്‍മറ്റ് ഇനി യാത്രക്കാരന്റെ തല കാക്കുക മാത്രമല്ല, റോഡില്‍ വീണ് പരിക്കേല്‍ക്കുന്ന ഇരുചക്ര വാഹന യാത്രികരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും ഒരുക്കും.
ഹെല്‍പ്‌മെറ്റ് എന്നാണ് കമ്പനി ഈ ഹെല്‍മറ്റിനു നല്‍കിയിരിക്കുന്ന പേര്. സിം കാര്‍ഡിന്റെയും ജി.പി.എസ് സംവിധാനത്തിന്റെയും സഹായത്തോടെയാണ് ഹെല്‍പ്‌മെറ്റ് പ്രവര്‍ത്തിക്കുകയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
ഗുരുതരമായ അപകടം പറ്റിയാല്‍ ഇതിലെ സെന്‍സര്‍ സംവിധാനം പ്രത്യേക അലാറത്തിന്റെ സൗകര്യത്തോടെ അധികൃതരെ വിവരമറിയിക്കും. പെട്ടന്നു തന്നെ ആംബുലന്‍സ് സൗകര്യവും ഈ ഹെല്‍മറ്റ് തന്നെ ഏര്‍പ്പാടാക്കുമെന്നും അധികൃതര്‍ പറയുന്നു. ഇതിന്റെ നിര്‍മാണ ഘട്ടത്തിലാണ് കമ്പനിയെന്നും ഉടന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും അധികൃതര്‍ പറയുന്നു.
സെന്‍സറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍മറ്റ് വളരെ ചെറിയ അപകടമാണുണ്ടാവുന്നതെങ്കില്‍ പ്രവര്‍ത്തിക്കില്ല. പകരം ഗുരുതരമായ പരിക്കുണ്ടാവുമ്പോള്‍ സ്വയം പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതിനായി ഹെല്‍മറ്റ് വാങ്ങിക്കുമ്പോള്‍ തന്നെ കമ്പനിയുടെ പ്രത്യേക വെബ്‌സൈറ്റില്‍ ഉപഭോക്താവിന്റെ എല്ലാ പ്രധാന വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും.
പ്രധാനമായും താമസസ്ഥലത്തെ മേല്‍വിലാസം, അവിടെയുള്ള ഫോണ്‍ നമ്പര്‍, അത്യാവശ്യഘട്ടത്തില്‍ ബന്ധപ്പെടാനുള്ള അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.