| Sunday, 5th August 2018, 11:01 pm

ഹെല്‍പ്‌ലൈന്‍ നമ്പര്‍ വഴി വിവരങ്ങള്‍ ചോര്‍ത്താനാവില്ല; ഞങ്ങളുടെ പുതിയ നമ്പറും സേവ് ചെയ്‌തോളൂ: യു.ഐ.ഡി.എ.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്മാര്‍ട്ട് ഫോണുകളില്‍ സേവ് ചെയ്യപ്പെട്ടിട്ടുള്ള ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ വഴി വിവരങ്ങള്‍ ചോര്‍ത്താനാവില്ലെന്ന് യു.ഐ.ഡി.എ.ഐ. ഗൂഗിളിന്റെ “കുറ്റസമ്മതം” മുതലെടുത്ത് ആധാറിന്റെ പ്രതിഛായയ്ക്ക് കോട്ടം വരുത്താനുള്ള ശ്രമമാണ് ചില തല്‍പര കക്ഷികള്‍ നടത്തുന്നതെന്ന് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ അറിവില്ലാതെ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ഡിവൈസുകളില്‍ കടന്നു കയറിയത് വലിയ വാര്‍ത്തയായത്.

ഗൂഗിളിന്റെ അശ്രദ്ധമായ നടപടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആധാറിനെപ്പറ്റി ജനങ്ങളില്‍ ആശങ്കയുണര്‍ത്താനും പദ്ധതിയെ കരിവാരിത്തേക്കാനുമുള്ള ശ്രമമാണ് തല്‍പര കക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നാണ് യു.ഐ.ഡി.എ.ഐയുടെ പക്ഷം. നേരത്തേ തങ്ങളുടെ പഴയ ഹെല്‍പ് ലൈന്‍ നമ്പര്‍ സിങ്ക് മെക്കാനിസം വഴി സ്മാര്‍ട്ട് ഫോണുകളില്‍ അറിയാതെ ഉള്‍പ്പെട്ടു പോയിട്ടുള്ളതായി ഗൂഗിള്‍ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആധാറുമായി ഇത് കൂട്ടിവായിക്കേണ്ടതില്ലെന്നാണ് അതോറിറ്റി പ്രസ്താവനയില്‍ പറയുന്നത്.

Also Read: യു.ഐ.ഡി.എ.ഐക്ക് ഇന്ത്യക്കാര്‍ ഗിനിപ്പന്നികളെപ്പോലെ; ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ വിവാദം ഗൂഗിള്‍ ഏറ്റെടുത്തത് മുഖം രക്ഷിക്കാന്‍; സൈബര്‍ വിദഗ്ദ്ധന്‍

തങ്ങളുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടുത്താന്‍ ഒരു ഏജന്‍സിയോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍പു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഫോണ്‍ നമ്പര്‍ ഡയറക്ടറിയില്‍ ഉള്‍പ്പെട്ടെന്നു കരുതി ഫോണിലെ വിവരങ്ങള്‍ ഒന്നും ചോരുകയുമില്ല, പ്രസ്താവനയില്‍ പറയുന്നു.

“ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമേയില്ല. ധൃതി പിടിച്ച് നമ്പര്‍ ഡിലീറ്റ് ചെയ്യണമെന്നുമില്ല. പകരം നിങ്ങള്‍ക്കു വേണമെങ്കില്‍ യു.ഐ.ഡി.എ.ഐയുടെ പുതിയ ഹെല്‍പ് ലൈന്‍ നമ്പറായ 1947ലേക്ക് മാറ്റി സേവ് ചെയ്യാവുന്നതുമാണ്.” അതോറിറ്റി പറയുന്നു.

കഴിഞ്ഞ ദിവസം ഒരു ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്ധന്‍ ട്വിറ്ററില്‍ കുറിച്ച കുറിപ്പില്‍ നിന്നാണ് പുതിയ വിവാദങ്ങളുടെ തുടക്കം.”ഹായ് യു.ഐ.ഡി.എ.ഐ, ആധാര്‍ കാര്‍ഡ് ഉള്ളവരും ഇല്ലാത്തവരും, എംആധാര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരും ഇല്ലാത്തവരും, വിവിധ സേവനദാതാക്കളെ ആശ്രയിക്കുന്നവരുമായ വലിയൊരു വിഭാഗമാളുകളുടെ സ്മാര്‍ട്ട് ഫോണില്‍ നിങ്ങളുടെ നമ്പര്‍ സ്റ്റോര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടു. അവരുടെ അറിവില്ലാതെ തന്നെ നടന്നിട്ടുള്ള ഈ പ്രക്രിയയുടെ ഉദ്ദേശം വെളിപ്പെടുത്താമോ?” എന്നായിരുന്നു കുറിപ്പ്.

ഇതിനെത്തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചവരെല്ലാം ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ താനേ സേവ് ചെയ്യപ്പെട്ടതായി കാണുകയും ആശങ്കയിലാവുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more