മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്ന കേരളത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ സഹായ പ്രവാഹം. മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മാത്രം 1.24 കോടി രൂപയുടെ 6009 പേരുടെ സംഭാവനയായി എത്തി.
എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും വ്യവസായ പ്രമുഖനുമായ എം.എ യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വാഗ്ദാനം ചെയ്തു. ഡി.എം.കെ നേരത്തെ അയച്ചതിന് പിന്നാലെ ഇന്നലെ 10 ലോഡ് സാധനങ്ങള്‍ കൂടി അയച്ചു. ഇത് വരെ ഒരു കോടിയുടെ സാധനങ്ങളാണ് ഡി.എം.കെ കേരളത്തിലേക്ക് അയച്ചത്.
മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് എഐഎംഐഎം അദ്ധ്യക്ഷനും എം.പിയുമായ അസദ്ദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയ്ക്കും ഒവൈസി 10 ലക്ഷം രൂപ നല്‍കും.
തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം കഴിഞ്ഞ നാല് ദിവസത്തിനിടെ നൂറിലേറെ ലോറികളാണ് ഉത്പ്പന്നങ്ങളുമായി കോഴിക്കോട്ടേക്ക് എത്തിയത്. 45 ലോഡ് സാധനങ്ങളാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാത്രം അയച്ചത്.
‘ദുരിതബാധിതര്‍ക്കുള്ള 46-ാം ലോഡ് ഫില്ലിങ് നടക്കുന്നു’; താരങ്ങളായി തിരുവനന്തപുരവും മേയര്‍ പ്രശാന്തും
തിരുവനന്തപുരം: മഴക്കെടുതി മൂലം ദുരിതം നേരിടുന്ന സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്ക് തിരുവനന്തപുരത്തിന്റെ സഹായം തുടരുന്നു. 46-ാമത്തെ ലോഡ് ഫില്ലിങ് നടക്കുന്നതായി തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് ഫേസ്ബുക്കില്‍ അറിയിച്ചു.
ഏറ്റവും ഒടുവിലിട്ടിരിക്കുന്ന പോസ്റ്റിലാണ് പ്രശാന്ത് ഇക്കാര്യം അറിയിച്ചത്. അതിനും മുക്കാല്‍ മണിക്കൂര്‍ മുന്‍പിട്ട ഒരു പോസ്റ്റില്‍ 45-ാമത്തെ ലോഡ് പുറപ്പെടുന്നതിന്റെ വീഡിയോയാണുള്ളത്.
ഇന്നു പകല്‍ തിരുവനന്തപുരം നഗരസഭയുടെ കളക്ഷന്‍ സെന്റര്‍ മന്ത്രി എ.സി മൊയ്തീന്‍ സന്ദര്‍ശിച്ച കാര്യവും പ്രശാന്ത് ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു.
സംസ്ഥാനത്തെ മറ്റേതൊരു ജില്ലയില്‍ നിന്നുള്ളതിനേക്കാളും അധികം സഹായമാണ് തിരുവനന്തപുരത്തു നിന്നു മലബാറിലേക്കും മറ്റു മേഖലകളിലേക്കും എത്തുന്നത്. അതിന് പ്രശാന്തിനും നഗരസഭയ്ക്കും സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമാണ്.
നഗരസഭയുടെ കീഴിലുള്ള ശേഖരണകേന്ദ്രത്തിലേക്കു സാധനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നഗരസഭ തുടരുകയാണെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
സാധനങ്ങള്‍ വെയ്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
24 മണിക്കൂറും സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധിപ്പേരാണ് ഇവിടെയുള്ളത്. 24 മണിക്കൂറും യുവാക്കളടങ്ങുന്ന വലിയ സംഘം ദുരിത ബാധിതര്‍ക്കായി കൈയ്യും മെയ്യും മറന്ന് അധ്വാനിക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് പ്രധാനമായും മേയറുടെ നേതൃത്വത്തിലാണ് മലബാറിലേക്ക് അയക്കാനായി സാധനങ്ങള്‍ ശേഖരിച്ചിരുന്നത്.
മാധ്യമപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥികളുമെല്ലാം തങ്ങളുടേതായ രീതിയില്‍ സാധനങ്ങള്‍ അയച്ചിരുന്നു.
പ്രളയ സഹായത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം തെക്ക്-വടക്ക് പോര് നടത്തുന്നതിനിടെയാണിത്.