| Friday, 2nd August 2024, 5:03 pm

'നിയമത്തിന്റെ കുരുക്ക് പറയല്ലേ മേഡം, അനാഥരായ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് തരാമോ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാടിനുള്ള സഹായഹസ്തങ്ങള്‍ വര്‍ധിക്കുകയാണ്. ദുരന്തത്തില്‍ അനാഥരാക്കപ്പെട്ടുവെന്ന് അധികൃതര്‍ക്ക് തോന്നുന്ന കുഞ്ഞുങ്ങളെ തങ്ങള്‍ക്ക് നല്‍കുമോയെന്ന ചോദ്യങ്ങളുമായി എത്തുകയാണ് കേരളത്തിലെ മനുഷ്യര്‍. ദുരന്തത്തില്‍ പെട്ടവരുടെ ചികിത്സയും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഒരു യുവതി ആവശ്യവുമായി എത്തിയത്.

‘മേഡം… അനാഥരായ കുഞ്ഞുങ്ങള്‍ കാണില്ലേ മേഡം, അവരില്‍ ഒരാളെ എനിക്ക് തരുമോ. ഞങ്ങള്‍ക്ക് മക്കള്‍ ഇല്ല. എന്റെ കുഞ്ഞിനെ പോലെ ഞാന്‍ വളര്‍ത്തിക്കോളാം. ഈ സമയത്ത് നിയമത്തിന്റെ കുരുക്ക് പറയല്ലേ,’ എന്നായിരുന്നു യുവതിയുടെ കമന്റ്.

കഴിഞ്ഞ ദിവസവും സമാനമായ ആവശ്യവുമായി മറ്റൊരു യുവതി രംഗത്തെത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ കേരളത്തിലെ ജനങ്ങളുടെ മനസ് വീണ്ടും ഐക്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കമന്റിനോട് നിരവധി ആളുകളാണ് പ്രതികരിച്ചത്.

അതേസമയം ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കി പരിപാലിക്കാമെന്ന് അറിയിച്ച് ഇടുക്കിയില്‍ നിന്നുള്ള ദമ്പതികളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഈ കുടുംബത്തിന്റെ കമന്റും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെ ഇരുവരും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുകയും ചെയ്തു.

നിലവില്‍ വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി നിരവധി ആളുകളാണ് ധനസഹായം ഉള്‍പ്പെടെ നല്‍കുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സിനിമാ മേഖലയിലുള്ളവരും രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും സംഘടനകളും വയനാടിന് പിന്തുണ അറിയിച്ചു. യു.എസ്, റഷ്യ, ചൈന അടക്കമുള്ള രാഷ്ട്രങ്ങളുടെ തലവന്മാര്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്ക് അനുശോചനം അറിയിക്കുകയും ഉണ്ടായി.

നിലവില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈ ടോപ്പില്‍ ജീവന്റെ തുടിപ്പുണ്ടെന്ന സംശയം അധികൃതര്‍ അറിയിച്ചു. സ്‌കാനറില്‍ ജീവന്റെ സാന്നിധ്യം സ്ഥിരീകരിച്ച വിവരം തിരച്ചില്‍ സംഘമാണ് അറിയിച്ചത്. ജീവന്റെ സാന്നിധ്യം മനുഷ്യന്റേതാണോ എന്നതില്‍ വ്യക്തതയില്ല.

Content Highlight: Helping hands are increasing in Wayanad following the landslides in Mundakai-Churalmala

We use cookies to give you the best possible experience. Learn more