വാഷിങ്ടണ്‍: 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഹമാസിനെ സഹായിച്ചുവെന്നാരോപിച്ച് ഖത്തര്‍ മാധ്യമമായ അല്‍ ജസീറയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്ത് ആക്രമണത്തെ അതിജീവിച്ച ഇരകളും കുടുംബങ്ങളും. യു.എസ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഹമാസിനും ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിനും വേണ്ടി അല്‍ ജസീറ പ്രചാരണം നടത്തിയെന്നും പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാനും, അക്രമണത്തിന് പ്രേരിപ്പിക്കുന്നതിനും സഹായിച്ചുവെന്നാരോപിച്ചുമാണ് കേസ്.
ഹമാസ് ബന്ദിയാക്കിയ ഷിരി ബിബാസിന്റെ മാതൃസഹോദരന്‍ മോറിസ് ഷ്നൈഡര്‍ ഉള്‍പ്പെടെയാണ് കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്. ജൂയിഷ് ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ച ലേഖന പ്രകാരം ഷ്‌നൈഡറിന്റെ സഹോദരിയും സഹോദരീഭര്‍ത്താവും അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഫെബ്രുവരി 23ന് വാഷിങ്ടണ്‍ ഡി.സിയിലെ ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് സ്റ്റാന്‍ഡ് വിത്ത് യു.എസ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെയും തുടര്‍ന്നുണ്ടായ യുദ്ധത്തിന്റെയും ഇരകള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഹമാസിലെയും ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിലെയും നിരവധി അംഗങ്ങളെയും അല്‍ ജസീറ പത്രപ്രവര്‍ത്തകരായി നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
ഗസയിലേയും വെസ്റ്റ്ബാങ്കിലേയും മനുഷ്യര്‍ നേരിടുന്ന ക്രൂരതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അറബ് മാധ്യമമാണ് അല്‍ ജസീറ. ഇതിന് മുമ്പ് ഇസ്രഈല്‍ അവരുടെ രാജ്യത്ത് അല്‍ ജസീറയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
2024 മെയ് മാസത്തില്‍, കിഴക്കന്‍ ജറുസലേമിലെ അല്‍ ജസീറ ഓഫീസ് റെയ്ഡ് ചെയ്ത് ഉപകരണങ്ങള്‍ കണ്ടുകെട്ടിയതിന് ശേഷമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പുറമെ സെപ്റ്റംബറില്‍, വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിലുള്ള അല്‍ ജസീറയുടെ ഓഫീസ് ഇസ്രഈല്‍ സൈന്യം റെയ്ഡ് ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു.
അധിനിവേശ വെസ്റ്റ്ബാങ്കിലെ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത് ഫലസ്തീന്‍ അതോറിറ്റിയായിരുന്നു.
ഇസ്രഈലിന്റെ നീക്കം മാധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ വിലയിരുത്തിയെങ്കിലും ഇസ്രഈല്‍ തീരുമാനം മാറ്റിയില്ല.
Content Highlight: Helped Hamas in the October 7 attack; The family of the victims filed a case against Al Jazeera