| Saturday, 19th January 2019, 10:01 am

ബുലന്ദ്ശ്വറില്‍ സംഘപരിവാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട സുബോധ് കുമാറിന്റെ കുടുംബത്തിന് 70 ലക്ഷം രൂപ കൈമാറി യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറില്‍ ഗോഹത്യ ആരോപിച്ച് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ നാലിന് നടന്ന കലാപത്തില്‍ കൊലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ കുടുംബത്തിന് യു.പി പൊലീസ് 70 ലക്ഷം രൂപ കൈമാറി. സുബോധിന്റെ വിധവയ്ക്കാണ് തുക കൈമാറിയതെന്ന് പൊലീസ് അറിയിച്ചു.

യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 ലക്ഷം രൂപയ്ക്ക് പുറമെയാണ് ഈ സഹായമെന്ന് യു.പി പൊലീസ് ഓഫീസര്‍ അറിയിച്ചതായി എ.എന്‍.ഐ വ്യക്തമാക്കി.

ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ വധിച്ചകേസില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകനായ ശിഖര്‍ അഗര്‍വാളിനെ ജനുവരി 10 ന് യു.പി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.


മുനമ്പം മനുഷ്യക്കടത്ത്; രണ്ട് പേര്‍ പൊലീസ് പിടിയില്‍


സുബോധ് കൊലക്കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ശിഖര്‍. കേസിലെ മുഖ്യപ്രതിയായ ബജ്‌റംഗദള്‍ നേതാവ് യോഗേഷ് രാജിനെ ജനുവരി ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പശുവിനെ കശാപ്പ് ചെയ്യുന്നുവെന്ന് ആരോപിച്ച് പൊലീസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് യോഗേഷായിരുന്നു. ഈ പ്രതിഷേധത്തിനിടയിലാണ് സുബോധ് കുമാര്‍ കൊലചെയ്യപ്പെടുന്നത്.

ഡിസംബര്‍ നാലിനുണ്ടായ സംഭവത്തില്‍ ഒരു മാസത്തിന് ശേഷമാണ് കലാപത്തിന്റെ ആസൂത്രകനായ യോഗേഷ് അറസ്റ്റിലാവുന്നത്.

കലാപത്തില്‍ നേരിട്ട് പങ്കാളിയായ സൈനികന്‍ ജിതേന്ദ്ര മലിക് അടക്കം 30 പേരെ നേരത്തെ അറസ്റ്റ് ചെയ്‌തെങ്കിലും ബജ്‌റംഗ് ദള്‍ ജില്ലാ കണ്‍വീനര്‍ കൂടിയായ യോഗേഷ് രാജിനെ പിടികൂടാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്ന്സുബോധിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു.

ബുലന്ദ്ശഹറിലെ മഹൗ ഗ്രാമത്തില്‍ 25 പശുക്കളുടെ മാംസാവശിഷ്ടം കണ്ടെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഒരു കരിമ്പ് പാടത്ത് മാംസം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സാധാരണ നിലയില്‍ അറവുകാര്‍ ഇങ്ങനെ ചെയ്യില്ലെന്നും ഇത് എങ്ങനെ സംഭവിച്ചെന്ന് പരിശോധിക്കണമെന്നും സംഭവ സ്ഥലത്ത് ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളായ തഹസില്‍ദാര്‍ പറഞ്ഞിരുന്നു.

മനപൂര്‍വം കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ സംഘപരിവരാര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ കലാപമാണ് ബുലന്ദ്ശഹറില്‍ നടന്നതെന്ന സംശയം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more