national news
'രാമരാജ്യം സ്ഥാപിക്കാൻ സഹായിക്കൂ'; ആവശ്യങ്ങൾ നിരസിച്ച ക്ഷേത്ര പൂജാരിയ്ക്ക് നേരെ 'രാമരാജ്യ സൈന്യത്തിന്റെ' ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 10, 07:28 am
Monday, 10th February 2025, 12:58 pm

ഹൈദരാബാദ്: രാമരാജ്യം സ്ഥാപിക്കുന്നതിനായി സഹായിക്കാൻ വിസമ്മതിച്ച ക്ഷേത്ര പൂജാരിക്ക് ‘രാമരാജ്യ സൈന്യത്തിന്റെ’ ക്രൂര മർദനം. ചിൽകൂർ ബാലാജി ക്ഷേത്രത്തിലെ മുഖ്യ പൂജാരി സി.എസ്. രംഗരാജനാണ് ആക്രമണത്തിനിരയായത്.

അദ്ദേഹത്തെ വീട്ടിൽ കയറി ആക്രമിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ ഹൈദരാബാദിലെ സൈബരാബാദ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. മുഖ്യ പൂജാരിയുടെ പിതാവും ക്ഷേത്ര സംരക്ഷണ പ്രസ്ഥാന കൺവീനറുമായ എം.വി. സൗന്ദരരാജൻ മാധ്യമങ്ങളെ സമീപിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

രാമരാജ്യം സ്ഥാപിക്കുന്നതിന് രംഗരാജന്റെ രക്ഷാകർതൃത്വവും സാമ്പത്തിക സംഭാവനയും സംഘം ആവശ്യപ്പെട്ടു. എന്നാൽ താത്പര്യമില്ലെന്ന് പറഞ്ഞ രംഗരാജനെ പ്രതികൾ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.

ചിൽക്കൂറിലെ തന്റെ വീട്ടിൽ ഇരുപതോളം പേർ അതിക്രമിച്ചു കയറി തന്നെ ആക്രമിച്ചതായി രംഗരാജൻ പരാതിയിൽ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്ന രംഗരാജന്റെ ആന്തരിക അവയവങ്ങൾക്ക് പരിക്കുകൾ പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നും ആശുപത്രിയിൽ തുടരുകയാണെന്നും പിതാവ് സൗന്ദരരാജൻ പറഞ്ഞു.

‘ഇക്ഷ്വാകു വംശത്തിന്റെ പിൻഗാമികളാണെന്ന് സ്വയം പ്രഖ്യാപിച്ച്, സ്വന്തമായി നിയമങ്ങളുണ്ടാക്കി ആളുകളെ ശിക്ഷിക്കുന്നതിനായി സ്വകാര്യ സൈന്യങ്ങളെ സൃഷ്ടിച്ച് രാമരാജ്യം രൂപീകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളാണ് ആക്രമികൾ. ന്റെ മകൻ അവരുമായി ആശയവിനിമയത്തിന് താത്പര്യമില്ലെന്ന് പറഞ്ഞു. തുടർന്നാണ് ആക്രമണം ഉണ്ടായത്,’ സൗന്ദരരാജൻ പറഞ്ഞു.

‘രാമരാജ്യ സൈന്യത്തിന് നേതൃത്വം നൽകുന്ന പ്രധാന പ്രതിയായ വീര രാഘവ റെഡ്ഡിയെ ഞങ്ങൾ അറസ്റ്റ് ചെയ്തു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്,’ ഇൻസ്പെക്ടർ ജി. പവൻ കുമാർ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രപ്രദേശിലും തെലങ്കാനയിലും വ്യാപിച്ചുകിടക്കുന്ന രാമരാജ്യ സൈന്യത്തിന്റെ ഭരണാധികാരിയായിട്ടാണ് പ്രധാന പ്രതി സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ വാക്ക് മാത്രമേ പാലിക്കാവൂ എന്നും പ്രതി പറയുന്നു. എട്ട് വർഷമായി നിലവിലുള്ള ഈ സംഘം ഉഗാദി ഉത്സവത്തിന് മുമ്പ് തങ്ങളുടെ ദൗത്യം അംഗീകരിക്കണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും രംഗരാജന് മുന്നറിയിപ്പ് നൽകിയതായും പൊലീസ് പറയുന്നു.

 

Content Highlight: Help establish Rama Rajya’: Fringe group attacks Hyderabad temple priest who rejects its demands, 1 arrested