പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം; ഉത്തരവില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി
Kerala News
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം; ഉത്തരവില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2019, 11:59 pm

കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. കേന്ദ്ര നിയമം പാലിക്കാനും നടപ്പാക്കാനും സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഡിവിഷന്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. സിംഗിള്‍ ബഞ്ച് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

കേന്ദ്ര നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. നേരത്തെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ച സര്‍ക്കാരിന്റെ ഉത്തരവ് സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്.

അതേസമയം നേരത്തെ മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാനുള്ള ഭേദഗതിക്ക് സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ പ്രകാരം സീറ്റ് ബെല്‍റ്റ്,ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ.മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ പതിനായിരമായി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല.

Doolnews video