| Wednesday, 10th July 2019, 8:00 am

പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി സീറ്റ് ബെല്‍റ്റും ധരിക്കേണ്ടി വരും. ഗതാഗത സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സുപ്രീം കോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിക്കും ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത സെക്രട്ടറി കത്ത് നല്‍കി. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിര്‍ദേശവും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേന്ദ്ര മോട്ടോര്‍വാഹനനിയമപ്രകാരം സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും നിര്‍ബന്ധമാണെങ്കിലും സംസ്ഥാനത്ത് കര്‍ശനമാക്കിയിരുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നതായി സെക്രട്ടറിയുടെ കത്തില്‍ പരമാര്‍ശമുണ്ട്. സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളില്‍ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ഗതാഗത സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഗതാഗതവകുപ്പ് കമ്മിഷണര്‍ ഉടനെ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് സൂചന.

We use cookies to give you the best possible experience. Learn more