മലയാളത്തില്‍ അധികം വന്നിട്ടില്ലാത്ത ഒരു ഴോണറാണ് ഹൊറര്‍ കോമഡി. ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും അതോടൊപ്പം പേടിപ്പിക്കുകയും ചെയ്യുക എന്നത് നിസ്സാരകാര്യമല്ല. ഏതെങ്കിലും ഒരു ഭാഗം പാളിയാല്‍ മുഴുവനും കൈയില്‍ നിന്ന് പോകുമെന്ന് ഉറപ്പാണ്. ഹൊറര്‍ കോമഡി ഴോണറില്‍ മലയാളത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹലോ മമ്മി.
മരിച്ച് 22 വര്‍ഷം കഴിഞ്ഞിട്ടും മകളോടുള്ള സ്‌നേഹം കാരണം ഈ ലോകം വിട്ടുപോകാത്ത ഒരു ആത്മാവ്. മകളുടെ എല്ലാ കാര്യത്തിലും നിയന്ത്രണങ്ങള്‍ വെക്കുന്ന ആത്മാവ് കാരണം പ്രശ്‌നത്തിലാകുന്ന ഒരുകൂട്ടം ആളുകളുട കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ അമ്മയും മകളും തമ്മിലുള്ള ഇമോഷണല്‍ കണക്ഷന്‍ കാണിക്കാതെ നേരിട്ട് ഈ കഥയിലേക്ക് കടന്നതുകൊണ്ട് ഇമോഷണലി യാതൊരു കണക്ഷനും തോന്നിയില്ല.
ഷറഫുദ്ദീന്‍ അവതരിപ്പിച്ച ബോണി എന്ന കഥാപാത്രത്തിലൂടെയാണ് കഥ തുടങ്ങുന്നത്. കോമഡി ഴോണര്‍ എന്ന് ആദ്യമേ പറഞ്ഞുവെച്ചതുകൊണ്ട് കുറച്ച് കോമഡി കാണിക്കണമല്ലോ എന്ന ചിന്തയില്‍ വന്നുപോകുന്ന കഥാപാത്രങ്ങള്‍ എല്ലാം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്. എന്നാല്‍ അതില്‍ പകുതിമുക്കാലും ചീറ്റിപ്പോയി എന്നതാണ് സത്യം. കോമഡിക്ക് ശേഷം കുറച്ച് റൊമാന്‍സും കാണിച്ചതിന് ശേഷമാണ് ഹൊററിലേക്ക് കടക്കുന്നത്.
തുടക്കം കുറച്ച് കൊള്ളാമെന്ന് തോന്നിയെങ്കിലും അതേ ടൈപ്പ് കോമഡികള്‍ ആവര്‍ത്തിച്ച് വന്നത് മടുപ്പുണ്ടാക്കി. ഏറ്റവുമൊടുവില്‍ കുറച്ച് ഫാന്റസിയൊക്കെ കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിലേക്ക് പെട്ടെന്ന് എത്തിയതും അതിലും വേഗത്തില്‍ തീര്‍ത്തതും കാരണം പ്രതീക്ഷിച്ച ഇംപാക്ട് കിട്ടിയില്ല. മലയാളം ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക സിനിമകളും ഈ വര്‍ഷം മുടങ്ങാതെ പാലിക്കുന്ന അതേ ആചാരം, അതായത് സെക്കന്‍ഡ് പാര്‍ട്ടിനുള്ള ലീഡ് ഇട്ട് അവസാനിപ്പിക്കല്‍ ഇതിലും കാണിക്കുന്നുണ്ട്.
കേന്ദ്രകഥാപാത്രമായി എത്തിയ ഷറഫുദ്ദീന്‍ തന്നാലാവും വിധം ബോണി എന്ന കഥാപാത്രത്തെ നന്നാക്കിയിട്ടുണ്ട്. സ്റ്റെഫിയായെത്തിയ ഐശ്വര്യ ലക്ഷമി ചില സീനില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചെങ്കിലും ചില സീനുകള്‍ വെറുപ്പിച്ചു. ഇമോഷണല്‍ സീനുകളിലെ പ്രകടനം നന്നായിരുന്നു. ജഗദീഷിന്റെ കഥാപാത്രത്തെ കോമഡിയാക്കണോ സീരിയസാക്കണോ എന്ന കണ്‍ഫ്യൂഷന്‍ എഴുത്തുകാരനുണ്ടായിരുന്നു എന്ന് തോന്നുന്നു. ആ ക്യാരക്ടറിനെ എങ്ങനെയാണ് പ്രസന്റ് ചെയ്യേണ്ടതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് പോലും പിടിയില്ലായിരുന്നെന്ന് തോന്നുന്നു.
ജോമോന്‍ ജ്യോതിര്‍, ജോണി ആന്റണി, അദ്രി ജോ എന്നിവരുടെ പെര്‍ഫോമന്‍സ് പലയിടത്തും ഓവറായതുപോലെ തോന്നി. അജു വര്‍ഗീസിന്റെ കഥാപാത്രത്തെക്കൊണ്ട് തിരക്കഥാകൃത്ത് എന്താണ് ഉദ്ദേശിച്ചതെന്ന് സിനിമ കണ്ടിറങ്ങിയിട്ടും മനസിലായില്ല. കാഞ്ചമ്മ എന്ന എക്‌സോര്‍സിസ്റ്റായി വന്ന ബിന്ദു പണിക്കര്‍ മികച്ച പെര്‍ഫോമന്‍സായിരുന്നു. അതിനി മുമ്പ് കാണാത്ത തരത്തിലുള്ള ഗെറ്റപ്പിലാണ് ബിന്ദു പണിക്കര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.
റിച്ച് ആയിട്ടുള്ള ഫ്രെയിമുകളായിരുന്നു സിനിമയുടെ ആദ്യാവസനാമുണ്ടായിരുന്നത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സാബു മോഹന്റെ പ്രൊഡക്ഷന്‍ ഡിസൈനും ഒരു പോഷ് ലുക്ക് ചിത്രത്തിന് സമ്മാനിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജേക്‌സ് ബിജോയ്‌യുടെ ഗാനങ്ങള്‍ ശരാശരിക്ക് മുകളില്‍ അനുഭവപ്പെട്ടപ്പോള്‍ ബി.ജി.എം മികച്ചതായി തോന്നി.
മൊത്തത്തില്‍, എഴുതിവെച്ച കോമഡികളില്‍ പലതും ചീറ്റിപ്പോയ, ഉദ്ദേശിച്ച ഹോറര്‍ ഇംപാക്ട് കിട്ടാത്ത ശരാശരി അനുഭവം മാത്രമായി ഡിയര്‍ മമ്മി മാറി. എന്നാല്‍ ഇതിനെല്ലാം സാധ്യതയുണ്ടായിരുന്ന നല്ലൊരു കോണ്‍സപ്റ്റായിരുന്നു ചിത്രത്തിന്റേത്.
Content Highlight: Hello Mummy movie review