സിനിമയെ സ്‌നേഹിച്ച ടെക്‌നീഷ്യന്മാര്‍ നിര്‍മാതാക്കളായ കഥ
Film News
സിനിമയെ സ്‌നേഹിച്ച ടെക്‌നീഷ്യന്മാര്‍ നിര്‍മാതാക്കളായ കഥ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th November 2024, 5:27 pm

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഹലോ മമ്മി. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ഹാങ്ങോവര്‍ ഫിലിംസിന്റെ ബാനറില്‍ ജോമിന്‍ മാത്യു, ഐബിന്‍, രാഹുല്‍ എന്നിവരാണ്. മൂവരുടെയും ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ഹലോ മമ്മി. ചിത്രത്തിന്റെ കഥയോടൊപ്പം എടുത്തു പറയേണ്ടതാണ് ഇവര്‍ മൂന്നുപേരുടെയും കഥ. മൂന്നു പേരും സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ ആണ് .

പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് വണ്ടി കയറുമ്പോള്‍ ജോമിന്റെ മനസ്സില്‍ സിനിമ മാത്രം ആയിരുന്നു. 15 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം എട്ടോളം തമിഴ് സിനിമകള്‍ എഡിറ്റ് ചെയ്ത് നിര്‍മാണരംഗത്തേക് തുടക്കം കുറിച്ചിരിക്കുയാണ് ജോമിന്‍ ഹലോ മമ്മിയിലൂടെ. തമിഴ് സിനിമാരംഗത്തു സ്‌പോട് എഡിറ്റിംഗ് എന്ന ഒരു മേഖലക്ക് തന്നെ തുടക്കം കുറിച്ച വ്യക്തികളില്‍ ഒരാള്‍ ആണ് ജോമിന്‍.

കലൈഞ്ജര്‍ ടി.വി. നടത്തിയ നാളൈയ ഇയക്കുണര്‍ എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസണില്‍ മികച്ച എഡിറ്റര്‍ എന്ന നേട്ടത്തിലൂടെയാണ് ജോമിന്റെ കരിയര്‍ ആരംഭിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി, ബി. ഉണ്ണികൃഷ്ണന്‍ എന്നീ പ്രമുഖ സംവിധായകരുടെ കൂടെയാണ് രാഹുലിന്റെ തുടക്കം. വി.എഫ്.എക്‌സ്. സൂപ്പര്‍വൈസറായി 20-ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ച രാഹുല്‍, ദൃശ്യ വശീകരണത്തിനും സിനിമാറ്റിക് മികവിനും പ്രധാനമായ സംഭാവനകള്‍ നല്‍കി. 2023-ല്‍ ഓസ്‌കാര്‍ എന്‍ട്രിയായി നാമനിര്‍ദ്ദേശം ലഭിച്ച ‘2018: എവരിവണ് ഈസ് എ ഹീറോ’ എന്ന സിനിമയിലൂടെയും ഭാഗമാണ് രാഹുല്‍. 2018 എന്ന ജൂഡ് ആന്തണി ചിത്രത്തിന്റെ വി.എഫ്.എക്‌സ്. സൂപ്പര്‍വൈസറും രാഹുല്‍ ആയിരുന്നു.

സിനിമയില്‍ അഭിനയ മോഹവുമായി എത്തിയ ആളാണ് ഐബിന്‍. ഒന്ന് രണ്ട് ചിത്രങ്ങളില്‍ മുഖം കാണിച്ചെങ്കിലും സിനിമ പ്രൊഡക്ഷന്‍ മേഖലയില്‍ ആണ് ഐബിന്‍ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജയ ജയ ജയ ജയഹേ, ഫാലിമി എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ആയിരുന്നു ഐബിന്‍.

ഇവര്‍ക്കൊപ്പം എ ആന്‍ഡ് എച്ച്.എസ്. എന്ന പ്രൊഡക്ഷന്‍ കമ്പനി കോ – പ്രൊഡക്ഷനില്‍ കൂടി ചേര്‍ന്നതോടെയാണ് ഹലോ മമ്മി എന്ന സിനിമ യാഥാര്‍ഥ്യം ആയത്. സിനിമാ നിര്‍മാതാക്കളുടെ സാമ്പത്തിക നേട്ടങ്ങള്‍ മാത്രം ചര്‍ച്ചയില്‍ വരുമ്പോള്‍ അതിനു പിന്നിലെ കഷ്ടപ്പാടുകളും ഇത്തരം ചെറുപ്പക്കാരുടെ ഡെഡിക്കേഷനും കാണേണ്ടതുണ്ട്. സിനിമ മേഖലയിലെ ടെക്‌നീഷ്യന്‍സ് നിര്‍മാണരംഗത്തേക്ക് കൂടി കടക്കുമ്പോള്‍ ഒരു തൊഴില്‍ മേഖല തന്നെ മെച്ചപ്പെടുകയാണ്.

Content Highlight: Hello Mummy movie producers are well known technicians and it helps the movie