| Saturday, 16th May 2020, 7:50 pm

ഹലോ മമ്മീസ്; ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ഉദയ്പുര്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉദയ്പുര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആര്‍ക്കും എങ്ങോട്ടും പോകാന്‍ പറ്റാതെയായി. ലോക്ഡൗണില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നവരില്‍ ഒരുവിഭാഗമാണ് ഗര്‍ഭിണികള്‍. എന്നാല്‍, ഇതിന് ഭാഗികമായെങ്കിലും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഉദയ്പുര്‍ പൊലീസ്.

ഹലോ മമ്മീസ് എന്ന പേരില്‍ ഗര്‍ഭിണികള്‍ക്കായി ഒരു സ്‌പെഷ്യല്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരിക്കുകയാണ് ഇവര്‍. നഗരത്തിലുള്ള പരമാവധി ഗര്‍ഭിണികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ്.

ഗര്‍ഭിണികളെ സഹായിക്കുക എന്നതാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. അവര്‍ക്കുള്ള മരുന്നുകള്‍ എത്തിക്കാനും ആവശ്യഘട്ടങ്ങളില്‍ ആശുപത്രിയിലെത്തിക്കാനും ഗ്രൂപ്പ് സജ്ജമാണ്.

ഇപ്പോള്‍ത്തന്നെ 150ല്‍ അധികം ഗര്‍ഭിണികള്‍ ഗ്രൂപ്പില്‍ അംഗമായി കഴിഞ്ഞു. ഇവരില്‍ പലര്‍ക്കും സഹായം എത്തിക്കുകയും ചെയ്തു.

എ.എസ്.പി ഗോപാല്‍ സ്വരൂപ് മേവര്‍ ആണ് ഈ ആശയത്തിന് പിന്നില്‍. സഹപ്രവര്‍ത്തകരായ മൂന്ന് പേരുടെ പിന്തുണയോടെയാണ് ഉദ്യമം ആരംഭിച്ചത്. വിവിധ പൊലീസ് ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്നായി മൂന്ന് ഡി.എസ്.പിമാരെ ഗ്രൂപ്പിന്റെ ചുമതല ഏല്‍പിച്ചിട്ടുമുണ്ട്.

അടിയന്തര ഘട്ടത്തില്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഗര്‍ഭിണിയായ സ്ത്രീയെ സഹായിച്ചെന്ന വാര്‍ത്ത കണ്ടതുമുതലാണ് ഇത്തരമൊരു ആശയം ഉണ്ടായതെന്ന് മേവര്‍ പറഞ്ഞു. ഇതോടെയാണ് ലോക്ടഡൗണില്‍ ദുരിതമനുഭവിക്കുന്ന ഗര്‍ഭിണികളെക്കുറിച്ച് ഓര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more