ഹെലികോപ്റ്റര്‍ അഴിമതി: സോണിയ ഗാന്ധിയോട് സഹായം ആവശ്യപ്പെടാന്‍ വെസ്റ്റ്‌ലാന്‍ഡിന് ഇടനിലക്കാരനയച്ച കത്ത് പുറത്ത്
India
ഹെലികോപ്റ്റര്‍ അഴിമതി: സോണിയ ഗാന്ധിയോട് സഹായം ആവശ്യപ്പെടാന്‍ വെസ്റ്റ്‌ലാന്‍ഡിന് ഇടനിലക്കാരനയച്ച കത്ത് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2014, 8:35 pm

[] ന്യൂദല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും നാണക്കേടുണ്ടാക്കി വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാട് അഴിമതി കേസില്‍ പുതിയ വഴിത്തിരിവ്.

ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റിയന്‍ മൈക്കള്‍ കമ്പനിയ്ക്ക് എഴുതി കത്ത് പുറത്ത് വന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്വാധീനിച്ചാല്‍ ഇടപാട് നടക്കുമെന്ന് കത്തില്‍ പറയുന്നു.

2008 മാര്‍ച്ചിലാണ് ഇന്ത്യയിലെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് മേധാവിയ്ക്ക് ക്രിസ്റ്റ്യന്‍ മൈക്കള്‍ കത്തയക്കുന്നത്. ഈ കത്തിന്റെ പകര്‍പ്പ് മൈക്കള്‍ ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്, രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരുള്‍പ്പെടെ പല കേന്ദ്ര നേതാക്കളും പേരും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഹെലികോപ്റ്റര്‍ ഇടപാട് നേരത്തെ തന്നെ റദ്ദാക്കിയതാണ്. അഴിമതിയില്‍ പങ്കുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.

2013 ഫെബ്രുവരിയില്‍ സി.ബി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് മൈക്കള്‍ ഇന്ത്യയിലുണ്ടായിരുന്നു. 2012 ല്‍ തന്നെ മാധ്യമങ്ങള്‍ മൈക്കളിന്റെ പേര് ചര്‍ച്ച ചെയ്തിരുന്നു.

ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു.

വിശിഷ്ടവ്യക്തികള്‍ക്ക് വേണ്ടി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇറ്റാലിയന്‍ കമ്പനിയായ
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി 2010ലാണ് ഇന്ത്യ കരാറില്‍ ഒപ്പിട്ടത്. കരാര്‍ റദ്ദാക്കരുതെന്ന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് നേരത്തെ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.