| Tuesday, 19th February 2013, 12:59 pm

ഹെലികോപ്റ്റര്‍ വിവാദം: രാജിവെക്കില്ലെന്ന് എ.കെ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ വിവാദത്തില്‍ രാജി വെക്കില്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി. തന്നെ വിശ്വാസമില്ലെങ്കില്‍ സി.ബി.ഐയോ, നീതി പീഠത്തെയോ വിശ്വസിക്കാമെന്നും ആന്റണി പറഞ്ഞു

ഈ വിഷയത്തില്‍ വിദേശ മന്ത്രാലയവുമായി നല്ല ഏകോപനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഹെലികോപ്റ്റര്‍ കരാര്‍ ഒപ്പ് വെച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. ഇപ്പോഴുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് ഇറ്റലിയുടെ റിപ്പോര്‍ട്ടിനായി നിരന്തരം ശ്രമിക്കുകയാണ്.[]

ഹെലികോപ്റ്റര്‍ വാങ്ങിയതുമായുള്ള എല്ലാ കാര്യങ്ങളും പാര്‍ലമെന്റില്‍ വിശദീകരിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ  നടപടിയെടുക്കും. കേന്ദ്ര സര്‍ക്കാരില്‍ യാതൊരു ഭിന്നതയുമില്ലെന്നും  ആന്റണി ദല്‍ഹിയില്‍ പറഞ്ഞു.

2010 ല്‍ അഗസ്താ വെസ്റ്റ്‌ലന്റ്‌സ് എന്ന പേരില്‍ 12 ഹെലികോപ്റ്റര്‍ ഇന്ത്യക്ക് വില്‍ക്കാനുള്ള കാരാറാണ് ഇറ്റലിയും ഇന്ത്യയും തമ്മില്‍ ഉണ്ടാക്കിയത്. ഇടപാടില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇറ്റലിയില്‍ നടന്ന അന്വേഷണത്തിലാണ് കോഴ നല്‍കിയത് പുറത്ത് വന്നത്.

ഹെലികോപ്റ്റര്‍ വിവാദത്തെ തുടര്‍ന്ന് പ്രതിരോധ വകുപ്പ് കരാര്‍ മരവിപ്പിച്ചിരുന്നു. കരാര്‍ പ്രകാരം ലഭിച്ച മൂന്ന് ഹെലികോപ്റ്റര്‍ ഒഴികെ 9 എണ്ണത്തിന്റെ പണം സി.ബി.ഐ അന്വേഷണത്തിന് ശേഷം നല്‍കിയാല്‍ മതിയെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ തീരുമാനം.

സി.ബി.ഐ അന്വേഷണത്തില്‍ അഴിമതിക്ക് തെളിവ് കണ്ടെത്തിയില്ലെങ്കില്‍ മാത്രം ബാക്കിയുള്ള 9 കോപ്റ്ററുകള്‍ വാങ്ങിയാല്‍ മതിയെന്നാണ് തീരുമാനം. വിവാദം വന്‍ രാഷ്ട്രീയ ചര്‍ച്ചയുണ്ടാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതിരോധ മന്ത്രി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള നീക്കം പ്രതിരോധ വകുപ്പ് മാറ്റി വെച്ചു. 8000 കോടി രൂപയ്ക്ക് 97 യൂറോപ്യന്‍ യൂറോകോപ്റ്ററും റഷ്യന്‍ കാമോസ് സെര്‍ജിയും വാങ്ങാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. കരസേന മേധാവി ജനറല്‍ ബിക്രം സിങ് സ്ഥലത്തില്ലാത്തതിനാല്‍ തീരുമാനം മാറ്റിയെന്നാണ് വിശദീകരണം.

We use cookies to give you the best possible experience. Learn more