ഹെലികോപ്റ്റര്‍ വിവാദം: കോഴ നല്‍കിയില്ലെന്ന് അഗസ്ത വെസ്റ്റ്‌ലാന്റ്
India
ഹെലികോപ്റ്റര്‍ വിവാദം: കോഴ നല്‍കിയില്ലെന്ന് അഗസ്ത വെസ്റ്റ്‌ലാന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th February 2013, 8:30 am

ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ വിവാദ കരാറില്‍ കോഴ നല്‍കിയിട്ടില്ലെന്ന് അഗസ്ത വെസ്റ്റ്‌ലാന്റ് പ്രതിരോധ മന്ത്രാലയത്തിന് വിശദീകരണം നല്‍കി.

വി.വി.ഐ.പികള്‍ക്കായുള്ള  ഹെലികോപ്റ്ററുകള്‍ ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിക്കാന്‍ 362 കോടി രൂപ കോഴ നല്‍കി എന്നാണ് ആരോപണം. ഇതില്‍ ഇന്ത്യയിലെ മുന്‍ വ്യോമസേനാമേധാവി എസ്.പി. ത്യാഗി കോഴ വാങ്ങിയെന്നും ആരോപണമുണ്ടായിരുന്നു.[]

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനാണ് കമ്പനി വിശദീകരണം നല്‍കിയത്.

അഗസ്ത വെസ്റ്റ്‌ലന്‍ഡിന്റെ എ.ഡബ്ല്യു 101 ഹെലികോപ്റ്റര്‍ നല്‍കാന്‍ ഇന്ത്യയുമായി ഒപ്പുവെച്ച കരാറില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. പ്രതിരോധ സംഭരണ നടപടി പ്രകാരം ഇന്ത്യന്‍ വ്യോമസേന നടത്തിയ സാങ്കേതികവും പറക്കല്‍ സംബന്ധിയായതുമായ എല്ലാ പരീക്ഷണങ്ങളും പാസ്സായ ശേഷമാണ് തങ്ങള്‍ക്കു കരാര്‍ ലഭിച്ചതെന്നും കമ്പനി മറുപടിയില്‍ പറയുന്നു.

ഫിന്‍മെക്കാനിക്കയ്‌ക്കെതിരെ ഇറ്റലിയില്‍ നടന്ന അന്വേഷണറിപ്പോര്‍ട്ടിലാണ് കോഴ വാങ്ങിയതായുള്ള ആരോപണമുള്ളത്. ഇതിനെതിരെ കഴിഞ്ഞ ഫെബ്രുവരി 15നാണ് പ്രതിരോധമന്ത്രാലയം കമ്പനിയോട് വിശദീകരണം തേടിയത്. ഫെബ്രുവരി 22നകം മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം.

ഏകദേശം 3600 കോടി രൂപയുടേതാണ് ഹെലികോപ്റ്റര്‍ ഇടപാട് നടത്തിയത്. ഇതില്‍ 12 ഹെലികോപ്റ്ററുകളാണ് പ്രതിരോധമന്ത്രാലയം കമ്പനിയില്‍ നിന്ന് വാങ്ങിയത്. ഇതില്‍ മൂന്നെണ്ണം വി.വി.ഐ.പി കള്‍ക്കായി കൈമാറിക്കഴിഞ്ഞു.

അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള നീക്കം പ്രതിരോധ വകുപ്പ് മാറ്റി വെച്ചു. കൂടാതെ ഹെലികോപ്റ്റര്‍ വാങ്ങിയതുമായുള്ള എല്ലാ കാര്യങ്ങളും പാര്‍ലമെന്റില്‍ വിശദീകരിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ  നടപടിയെടുക്കുമെന്നും  കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രിഎ.കെ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.