മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന, ചലച്ചിത്രപ്രവര്‍ത്തക അര്‍ച്ചന പദ്മിനി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ പ്രതികരിക്കുന്നു
സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന, അതിന് അധികാരകേന്ദ്രങ്ങളില്‍ നിന്നുപോലും പിന്തുണ ലഭിക്കുന്ന ഒരു സമൂഹമായി കേരളം മാറാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പാര്‍വതിക്കും റിമ കല്ലിങ്കലിനും പ്രിയ വാര്യര്‍ക്കും തുടങ്ങി ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസെടുത്ത ടീച്ചര്‍മാരിലും ഹെലന്‍ ഓഫ് സ്പാര്‍ട്ടയിലും വരെ എത്തിനില്‍ക്കുന്ന നിരവധി സൈബര്‍ ആക്രമണ സംഭവങ്ങള്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ രീതിയില്‍ സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുന്ന സ്ത്രീകള്‍ക്കെതിരെയാണ്് തീര്‍ത്തും അസഹിഷ്ണുത നിറഞ്ഞ ആക്രമണങ്ങളുണ്ടാകുന്നത്. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സിനിമാ താരമങ്ങളും സാമൂഹ്യപ്രവര്‍ത്തകരുമടക്കം ടിക് ടോക് താരങ്ങള്‍ വരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കിരകളാകേണ്ടി വരുന്നുണ്ട്.
പ്രതികരിക്കുന്ന, സ്വന്തമായി അഭിപ്രായങ്ങള്‍ പറയുന്ന സ്ത്രീകള്‍ അത് ഓണ്‍ലൈനിലായാലും മറ്റു പൊതു ഇടങ്ങളിലായാലും ഇന്നും നമ്മുടെ സമൂഹത്തെ, അതിന്റെ കാലങ്ങളായുള്ള വ്യവസ്ഥാപിത പുരുഷാധിപത്യ സങ്കല്‍പങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നു എന്നുതന്നെയാണ് സമീപകാലത്ത് വരെ നടന്ന ഓരോ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന ലൈംഗികച്ചുവയുള്ള കമന്റുകളിലും തെറിവിളികളിലും തുടങ്ങി റോസ്റ്റിംഗ് വീഡിയോകളിലും മറ്റുമായി ആളിപ്പടരുകയാണ് ഈ സത്രീവിരുദ്ധത.
കഴിഞ്ഞ ദിവസം പുറത്തുവന്ന കേരള പൊലീസിന്റെ റോസ്റ്റിംഗ് വീഡിയോയിലെ കടുത്ത സ്ത്രീവിരുദ്ധതക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വീഡിയോ പിന്‍വലിച്ചിരുന്നു. പക്ഷെ ഈ വീഡിയോ, കേരളത്തിലെ സൈബര്‍ ആക്രമണങ്ങളും അതിനോടുള്ള പൊതുസമൂഹത്തിന്റെ നിലപാടുകളും അതിനെയെല്ലാം നോര്‍മലൈസ് ചെയ്യുന്ന രീതികളുമൊക്കെ വീണ്ടും ചര്‍ച്ചയാക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൊതുസമൂഹത്തില്‍ മുന്‍പേ തന്നെ പ്രതികരിക്കുന്ന അല്ലെങ്കില്‍ ദൃശ്യത ഉറപ്പാക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളോട് പുരുഷാധിപത്യസമൂഹം പുലര്‍ത്തുന്ന അസഹിഷ്ണുതയുടെ തുടര്‍ച്ച തന്നെയാണ് സൈബര്‍ സ്പേസിലും കാണാനാവുന്നത് എന്ന് മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന ചൂണ്ടിക്കാണിക്കുന്നു. ഫേക്ക് ഐഡികള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന് സ്ത്രീകള്‍ക്കെതിരെ പീഡന ഭീഷണികളും മറ്റും പടച്ചുവിടുന്നവര്‍ ഒട്ടേറെയാണ്. ഇത്തരം ആക്രമണങ്ങള്‍ തടയുന്നതിനുള്ള നിയമവ്യവസ്ഥയുടെ അഭാവവും നിലവിലുള്ള നിയമവ്യവസ്ഥകള്‍ പോലും ശരിയായി നടപ്പിലാക്കത്തതും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുകയാണ്.
മുഖ്യധാരപൊതുബോധത്തിന് വിരുദ്ധമായി സംസാരിക്കുന്ന, അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സ്ത്രീകള്‍ക്കെതിരെയാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നാണ് ഇതുവരെ നടന്ന സൈബര്‍ അറ്റാക്കുകളുടെയെല്ലാം സ്വഭാവം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. രാഷ്ട്രീയവിഷയങ്ങളിലുള്ള പ്രതികരണങ്ങളടക്കം സ്ത്രീകള്‍ സംസാരിക്കേണ്ട കാര്യങ്ങളല്ല എന്ന് പൊതുമസൂഹം തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്ന വിഷയങ്ങളില്‍ സ്ത്രീകള്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ അത് പലരെയും അസ്വസ്ഥതപ്പെടുത്തുന്നു എന്നുവേണം കരുതാന്‍. ഇതെ തുടര്‍ന്നുണ്ടാകുന്ന ആക്രമണങ്ങള്‍ വളരെ ആസൂത്രിതമായി തന്നെ നടക്കാറുണ്ടെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്ക് നേരെയും ഇത്തരത്തിലുള്ള അധിക്ഷേപങ്ങളും അറ്റാക്കുകളും നടുക്കുന്നുണ്ടെന്ന് സാമൂഹ്യനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ചില കമ്മ്യൂണിറ്റികളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ ഊട്ടിയുറപ്പിക്കുന്ന പദപ്രയോഗങ്ങള്‍ ട്രോളുകളിലും കമന്റുകളിലും നിരന്തരമായി കടന്നുവരുന്നതും ആ കമ്മ്യൂണിറ്റികളില്‍ നിന്നു വരുന്നവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.
യുവജനങ്ങള്‍ തന്നെ ഓണ്‍ലൈന്‍ ആക്രമണങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സാങ്കേതികവിദ്യയുടെ വികസനവും ആധുനികതയുമൊന്നും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നതിന്റെ സൂചനയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ക്ക് ഒരു അവസാനമുണ്ടാകണമെങ്കില്‍ ശക്തമായ നിയമവ്യവസ്ഥയോടൊപ്പം തന്നെ കുടുംബവും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാധ്യമങ്ങളുമെല്ലാം അടങ്ങുന്ന സോഷ്യലൈസിംഗ് ഏജന്‍സികള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന സ്ത്രീകളെക്കുറിച്ചുള്ള ബോധ്യങ്ങളില്‍ തന്നെ അടിസ്ഥാനപരമായ മാറ്റം വരുത്തേണ്ടതുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക