ഹെലന്റെ അണിയറപ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ സമയം പങ്കുവെച്ച് ആല്‍ഫ്രഡ് കുര്യന്‍
Film News
ഹെലന്റെ അണിയറപ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ സമയം പങ്കുവെച്ച് ആല്‍ഫ്രഡ് കുര്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th January 2022, 1:07 am

2019 ലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഹെലന്‍. ഹെലന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടുമൊന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടനുണ്ടാകുമെന്നറിയിച്ചിരിക്കുകയാണ് ഹെലന്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആല്‍ഫ്രഡ് കുര്യന്‍.

13ന് ഏഴ് മണിക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിടുമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആല്‍ഫ്രഡ് അറിയിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഒരു വീഡിയോയും അദ്ദേഹം പങ്കു വെച്ചിരുന്നു. പാചകം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ഒരു ആണ്‍കുട്ടി വിളിക്കുകയാണ്.

18 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ആവശ്യമെന്നും കണക്ട് ചെയ്യട്ടെയെന്നും മുകേഷ് പറയുമ്പോള്‍ സൈബര്‍ സെല്ലിന് കണക്ട് ചെയ്യാന്‍ പോവുകയാണെന്ന് ആണ്‍കുട്ടികള്‍ പരസ്പരം പറയുകയും ഫോണ്‍ കട്ടാവുകയും ചെയ്യുന്നു.

തുടര്‍ന്ന് എടാ ബേസി അഭിനയിക്കാനുള്ള പെണ്‍കുട്ടികളെ കിട്ടിയില്ലേയെന്ന് മുകേഷ് ചോദിക്കുമ്പോള്‍ കിട്ടിയെന്ന് അടുത്തിരിക്കുന്ന ആള്‍ മറുപടി പറയുന്നു. എങ്കില്‍ തട്ടി പോസ്റ്ററില്‍ കയറ്റാനാണ് മുകേഷ് പറയുന്നത്.

നേരത്തെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ആല്‍ഫ്രഡ് കുര്യനായിരുന്നു ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിരുന്നത്.

മുകേഷ് തന്നെയാണ് ഈ വീഡിയോയിലും അഭിനയിച്ചിരുന്നത്. ആല്‍ഫ്രഡ് കുര്യന്‍ തന്നെ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

നേരത്തെ, ആല്‍ഫ്രഡിന്റെ തിരക്കഥയിലൊരുങ്ങിയ ഹെലന്‍ മികച്ച വിജയം നേടിയ ചിത്രം സംവിധാനം ചെയ്തത് മാത്തുക്കുട്ടി സേവ്യറാണ്.

ഹെലന്‍ എന്ന കഥാപാത്രത്തെ അവകരിപ്പിച്ച അന്ന ബെന്നിന് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു. കോള്‍ഡ് സ്‌റ്റോറേജില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടി അനുഭവിച്ച വേദനകള്‍ മികച്ച രീതിയില്‍ അന്ന ബെന്‍ അവതരിപ്പിച്ചിരുന്നു.

ബിഗ് ബാംഗ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനായിരുന്നു ചിത്രം നിര്‍മിച്ചത്. അന്ന ബെന്‍, ലാല്‍, നോബിള്‍ ബാബു തോമസ്, വിനീത് ശ്രീനിവാസന്‍, ബിനു പപ്പു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: helen movie script writer shares the time of his next movie first look poster