Film Review: ചുവപ്പ് പശ്ചാത്തലത്തില്‍ ചിരിച്ച് നില്‍ക്കുന്ന അന്ന ബെന്‍. ഇതായിരുന്നു ഹെലന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. പിന്നീട് വന്ന ടീസര്‍ ചിത്രം കാണുന്നതിനുള്ള ഒരു കൗതുകം ഒരുക്കിയിരുന്നു. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്നു എന്നതും ചിത്രം ആദ്യ ദിവസം തന്നെ കാണുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായിരുന്നു.
എന്തായാലും പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. ഹെലന്‍ മികച്ച ഒരു അനുഭവം തന്നെയാണ്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളോ, ബി.ജി.എമുകളോ ഹെലന് ഇല്ല. പക്ഷെ വളരെ വൃത്തിയില്‍ മോശം പറയാത്ത രീതിയില്‍ മികച്ച ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഒരുക്കാന്‍ മാത്തുകുട്ടി സെവ്യര്‍ എന്ന നവാഗത സംവിധായകന് കഴിഞ്ഞു. ആല്‍ഫ്രണ്ട് കുര്യനും, സംവിധായകന്‍ മാത്തുകുട്ടിയും, നായകന്‍ നോബിളും ചേര്‍ന്നാണ് ഹെലന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.
നഴ്‌സിംങ് കഴിഞ്ഞ് വിദേശത്തേക്ക് പോകുന്നതിനായി IELTS കോച്ചിംങ്ങും, പാര്‍ട് ടൈം ജോലിയും ചെയ്യുന്ന ഹെലന്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഹെലന്റെ അച്ഛന്‍ പോള്‍ ഒരു എല്‍.ഐ.സി ഏജന്റ് ആണ്. അവള്‍ക്ക് ഒരു കാമുകനുണ്ട് അസര്‍, കാനഡയ്ക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയാണ് അവള്‍. എന്നാല്‍ ഹെലന്റെ ജിവിതത്തില്‍ അപ്രതീക്ഷതമായി സംഭവിക്കുന്ന ചില കാര്യങ്ങളും അതിനോട് അനുബന്ധിച്ച് ചില സംഭവങ്ങളുമുണ്ടാകുന്നു.
ഹെലന്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്ന അന്ന ബെന്‍ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തില്‍ നിന്ന് തന്നെ അന്ന എന്ന അഭിനയത്രിയുടെ റേഞ്ച് പ്രേക്ഷകര്‍ മനസിലാക്കിയത് ആണ്. അതില്‍ നിന്നും ഒരു പടി മുകളിലാണ് ഹെലന്‍. രണ്ടാം പകുതിയില്‍ സംഭാഷണങ്ങള്‍ പോലും ഇല്ലാതെ അന്ന കാഴ്ചവെയ്ക്കുന്ന അഭിനയ മികവ് ഉണ്ട്. ആ കോള്‍ഡ് സ്റ്റോറേജില്‍ അവളുടെ രക്ഷപ്പെടാനുള്ള പ്രയത്‌നങ്ങളും ആ റുമില്‍ അവളെ പോലെ പെട്ടു പോയ ഒരു എലിയുമായി ഉണ്ടാക്കിയെടുക്കുന്ന ഹൃദയ ബന്ധവും എല്ലാം അസാധ്യമായി അന്ന അവതരിപ്പിച്ചിട്ടുണ്ട്. ഒരോ തവണയും ഹെലന്റെ കുടെ പ്രേക്ഷകനും ആ ഭയവും തണുപ്പും അനുഭവിക്കാന്‍ കഴിയുന്നുണ്ട്.
എടുത്ത് പറയേണ്ട മറ്റൊരാള്‍ അജു വര്‍ഗീസാണ്. സ്ഥിരം കോമഡി വേഷങ്ങളില്‍ നിന്ന് അജുവിന് കിട്ടിയ മോചനമാണ് ഹെലനിലെ എസ്.ഐ രതീഷ് കുമാര്‍. മുമ്പ് ഒപ്പം സിനിമയില്‍ ചെറുതെങ്കിലും ഒരു ക്യാരക്റ്റര്‍ റോള്‍ അജു ചെയ്തിരുന്നു. അതിന് ശേഷം ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നാണിത്. തുടക്കം മുതല്‍ അവസാനം വരെ രതീഷ് കുമാര്‍ എന്ന ‘ചൊറിയന്‍’ പൊലീസുകാരനോട് പ്രേക്ഷകനും ദേഷ്യം വരും. തുടക്കമെന്ന നിലയില്‍ മികച്ച അവസരമാണ് രതീഷ് കുമാറിലൂടെ അജുവിന് ലഭിച്ചത്.
ലാല്‍ അവതരിപ്പിച്ച പോള്‍ എന്ന ഹെലന്റെ അച്ഛന്‍ കഥാപാത്രവും മികച്ചതായിരുന്നു. ഹെലനും പോളും തമ്മിലുള്ള ബന്ധം വളരെ എളുപ്പത്തില്‍ എന്നാല്‍ ക്ലീഷേകള്‍ ഇല്ലാതെ അവതരിപ്പിക്കാന്‍ ലാലിന്റെ കഥാപാത്രത്തിലൂടെ കഴിഞ്ഞു. അസറായി എത്തിയ നോബിള്‍ തുടക്കക്കാരന്റെ പതര്‍ച്ചകളില്ലാതെ തനിക്ക് കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ ആര്‍ട് വിഭാഗത്തിന് മികച്ച കൈയ്യടി നല്‍കണം. ചിക്കന്‍ ഹബ്ബും കോള്‍ഡ് സ്റ്റോറേജും എല്ലാം ഒരുക്കിയിരിക്കുന്നത് മികച്ച രീതിയിലാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ച ഷമീര്‍ മുഹമ്മദും കൈയ്യടി നേടുന്നുണ്ട്. എ.സിയുടെ ഫാനില്‍ നിന്ന് റൂമിലേ ഫാനിലേക്കുള്ള ഷിഫ്റ്റിംഗ് സീനൊക്കെ അതിന് ഉദാഹരണമാണ്. ആനന്ദ് സി ചന്ദ്രന്റെ ക്യാമറയും മികച്ചതായിരുന്നു.
ഷാന്‍ റഹ്മാന്റെ സംഗീതവും മികച്ചു നിന്നു. ചിത്രത്തിന്റെ അവസാനം ചെറിയ ഒരു ശബ്ദ സാന്നിധ്യമായും ഷാന്‍ എത്തുന്നുണ്ട്. സ്‌ക്രീനില്‍ കാണിച്ചിരുന്നെങ്കിലും വലിയ കുഴപ്പമൊന്നും വരില്ലായിരുന്നു. ഗാനത്തിന് വിനീതിന്റെ ശബ്ദം കൂടി ചേരുമ്പോള്‍ ലഭിക്കുന്ന ഫീല്‍ മികച്ചതായിരുന്നെങ്കിലും ബി.ജി.എം ഒരു പോരായ്മയായി തോന്നി.
ചിത്രത്തിന്റെ കഥയും സീനുകളും പ്രേക്ഷകന് മുന്‍കൂട്ടി പ്രവചിക്കാവുന്ന തരത്തിലാണെങ്കിലും മികച്ച രീതിയില്‍ തന്നെ സംവിധായകന് അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് കൈയ്യടി വീഴുന്നത്.
വിനീത് സ്‌ക്കൂളില്‍ നിന്ന് പ്രേക്ഷകന് ലഭിച്ച മറ്റൊരു മികച്ച സമ്മാനമാണ് ഹെലന്.
DoolNews Video