മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത് അന്ന ബെന്‍, നോബിള്‍ തോമസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയായിരുന്നു ഹെലന്‍. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മാത്തുക്കുട്ടി നേടിയിരുന്നു.
ഇപ്പോള്‍ സിനിമയുടെ അവാര്‍ഡ് വിശേഷങ്ങളും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും സിനിമയിലെത്തുന്നതിന് മുമ്പുള്ള കാര്യങ്ങളുമൊക്കെ സംസാരിക്കുകയാണ് മാത്തുക്കുട്ടിയും നോബിളും. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സിനിമയിലെത്തുന്നതിന് മുമ്പ് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തതിന്റേയും അത് പരാജയപ്പെടുന്ന ഘട്ടമെത്തിയപ്പോള്‍ നടന്ന രസകരമായ സംഭവങ്ങളും നോബിളും മാത്തുക്കുട്ടിയും അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്.
”ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം എഴുതിയിരുന്നു. അതിന്റെ ക്ലൈമാക്‌സ് പോര്‍ഷന്‍ മുഴുവനാക്കാന്‍ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. മാത്തുക്കുട്ടി അത് കംപ്ലീറ്റ് ചെയ്തു. നീ ഡയറക്ട് ചെയ്‌തോ, എന്ന് ഞാന്‍ അവനോട് പറഞ്ഞു.
ഞങ്ങള്‍ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. അതിന് വേറെ ചിത്രവുമായി കണ്ടന്റ് സാമ്യത വന്നപ്പോള്‍ അത് ഉപേക്ഷിച്ചു. അപ്പോഴാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ കാര്യം വരുന്നത്. സിനിമ ചെയ്യുന്ന പോലെ തന്നെ ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. നായകന്‍ ഞാന്‍ തന്നെയായിരുന്നു (ചിരിച്ചുകൊണ്ട്).” നോബിള്‍ പറയുന്നു.
”19 ചെറിയ സീനുകളുണ്ട്. അത് മൂന്ന് ദിവസത്തേക്കായി ചാര്‍ട്ട് ചെയ്തു. ആദ്യത്തെ ഷോട്ട് എടുത്തപ്പോഴാണ് മനസിലായത് ഇത്രേം സമയമെടുക്കും എന്ന്.
ഷൂട്ടിംഗ് കഴിഞ്ഞ് അത് കണ്ട് നോക്കിയപ്പൊ ചില മിസിംഗ് തോന്നി. അങ്ങനെ അതവിടെ ഉപേക്ഷിച്ചു. കിളി പോയിരുന്ന ആ സമയത്ത് നോബിള്‍ പറഞ്ഞു, നമ്മള്‍ ഒരു ഫിലിം സ്‌കൂളില്‍ പോയതാണെന്ന് കരുതിയാല്‍ മതി എന്ന്,” മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പിന്നീടാണ് മാത്തുക്കുട്ടിയുടെ അമ്മ പറഞ്ഞ ‘പഞ്ച് ഡയലോഗി’നെക്കുറിച്ച് നോബിള്‍ സംസാരിക്കുന്നത്.
”അങ്ങനെ ഷോര്‍ട്ട് ഫിലിം കഴിഞ്ഞ സമയത്ത് മാത്തുക്കുട്ടി ആകെ ഓഫ് ആയിരുന്നു. വിഷമം കൊണ്ട് അവന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നില്ല, ഫോണൊന്നും എടുക്കുന്നില്ല.
ഒരു ദിവസം ഇവന്‍ കട്ടിലില്‍ കിടക്കുമ്പൊ അമ്മ ഒരു ചായ ഇട്ട് വന്നു. കിടക്കുകയായിരുന്ന ഇവന്‍ എഴുന്നേറ്റ് ചായ കുടിച്ചു. അപ്പൊ അമ്മ പറഞ്ഞു, നീ വിഷമിക്കണ്ട, ഇതൊക്കെ സംഭവിക്കാവുന്നതല്ലേ എന്ന്. എന്നിട്ട് അമ്മ ചോദിച്ചു, ‘അല്ല മോനെ, നിനക്ക് ഈ പണി ശരിക്കും അറിയോ,’ എന്ന് (രണ്ട് പേരും ചിരിക്കുന്നു),” നോബിള്‍ പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫും അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്നു. മാത്തുക്കുട്ടിയും നോബിളും ആല്‍ഫ്രഡും ചേര്‍ന്നാണ് ഹെലന്റെ തിരക്കഥ എഴുതിയത്.
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം നിര്‍മിച്ചത് നോബിള്‍ തോമസാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Helen director Mathukutty Xavier and actor-producer Noble Thomas shares memories