അവിടെ ചെന്നപ്പോള്‍ മാത്തുക്കുട്ടി മുത്തുക്കുട്ടിയായി, നോബിള്‍ എന്നത് നൊബിള്‍ ബബുവും; ദേശീയ അവാര്‍ഡ് വേദിയിലെ തമാശകള്‍ പറഞ്ഞ് 'ഹെലന്‍' നായകനും സംവിധായകനും
അന്ന ബെന്‍, നോബിള്‍ തോമസ്, ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാത്തുക്കുട്ടി സേവ്യര്‍ അണിയിച്ചൊരുക്കിയ സിനിമയായിരുന്നു ഹെലന്‍. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും മാത്തുക്കുട്ടി സ്വന്തമാക്കിയിരുന്നു.
അവാര്‍ഡ് വേദിയില്‍ രജനീകാന്ത് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം ഒരുമിച്ച് ഇരിക്കാന്‍ സാധിച്ചതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചു.
”വളരെ വലിയൊരു അനുഭവമായിരുന്നു. മുന്‍നിരയില്‍ തന്നെ ആയിരുന്നു സീറ്റ്. രജനീകാന്ത് സര്‍ ഒരു വശത്ത്. വിജയ് സേതുപതി സാര്‍ ഇപ്പുറത്ത്. പ്രിയദര്‍ശന്‍ സാര്‍ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. കുറേപേര്‍ ഉണ്ടായിരുന്നു. ധനുഷ് ഒക്കെ,” നോബിള്‍ പറഞ്ഞു.
അവാര്‍ഡ് സ്വീകരിക്കാന്‍ വേണ്ടി വേദിയിലേയ്ക്ക് ക്ഷണിച്ച സമയത്ത് തങ്ങളുടെ പേരുകള്‍ ഉച്ചരിച്ചതിന്റെ തമാശയെക്കുറിച്ചും താരങ്ങള്‍ പറയുന്നുണ്ട്.
”അവിടെ ചെന്നാല്‍ മാത്തുക്കുട്ടിയെ എല്ലാവരും വിളിക്കുന്നത് മുത്തുക്കുട്ടി എന്നാണ്,” നോബിള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
”എനിക്ക് തോന്നുന്നു തമിഴ് പേരാണെന്ന് വിചാരിച്ചാണ് അവരങ്ങനെ വിളിക്കുന്നത്. മുത്തുസ്വാമി ഒക്കെ പോലെ,” മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു.
നോബിളിന്റെ പേര് ഒക്കെ കറക്ട് ആയാണല്ലോ വിളിച്ചത് എന്ന അവതാരകയുടെ ചോദ്യത്തിന്, ”അവര് വിചാരിച്ചത് ഇത് തെലുങ്കു പേര് ആണെന്നാണ്. നോബിള്‍ ബാബു തോമസ് എന്നാണല്ലോ മുഴുവന്‍ പേര്. അപ്പൊ, നൊബിള്‍ ബബു, നൊബിള്‍ ബബു എന്നാണ് അവിടെ എല്ലാവരും വിളിച്ചത്. (രണ്ട് പേരും ചിരിക്കുന്നു),” മാത്തുക്കുട്ടി പറഞ്ഞു.
ബെഗളൂരു കേന്ദ്രീകരിച്ചുള്ള സിനിമയാണ് അടുത്തതായി ചെയ്യാന്‍ പോകുന്നതെന്നും ഇരുവരും അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫും അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്നു. മാത്തുക്കുട്ടിയും നോബിളും ആല്‍ഫ്രഡും ചേര്‍ന്നാണ് ഹെലന്റെ തിരക്കഥ എഴുതിയത്.