ലഖ്‌നൗ: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തില്‍ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീ മരിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം രാത്രി കാണ്‍പൂരിലെത്തിയിരുന്നു.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് പോയ വന്ദന മിശ്ര എന്ന അമ്പതുകാരിയെ ആശു പത്രിയിലെത്താന്‍ വൈകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ മരിക്കുകയും ചെയ്തിരുന്നു.
നേരത്തേ കൊവിഡ് 19 ബാധിച്ചയാളാണ് വന്ദന. രോഗമുക്തി നേടിയെങ്കിലും പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇവരുമായി കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് തിരിച്ചത്.
സംഭവത്തിന് പിന്നാലെ കാണ്‍പൂര്‍ പൊലീസിനുവേണ്ടിയും വ്യക്തിപരമായും താന്‍ മാപ്പുചോദിക്കുന്നതായി കാണ്‍പുര്‍ പൊലീസ് മേധാവി അസിം അരുണ്‍ ട്വീറ്റ് ചെയ്തു.’വന്ദന മിശ്രയുടെ നിര്യാണത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇത് ഭാവിയിലേക്കുള്ള ഒരു വലിയ പാഠമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി കഴിയാവുന്നത്ര ചുരുങ്ങിയ സമയം മാത്രം പൗരന്മാരെ കാത്തുനിര്‍ത്തുന്ന രീതിയിലുള്ളതായിരിക്കും ഞങ്ങളുടെ റൂട്ട് സംവിധാനം എന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.’ അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് രാഷ്ട്രപതി പൊലീസ് കമ്മീഷണറെയും ജില്ലാ മജിസ്ട്രേറ്റിനെയും നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. തന്റെ അനുശോചനം കുടുംബത്തെ അറിയിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് ഒരു സബ് ഇന്‍സ്പെക്ടറിനെയും മൂന്ന് കോണ്‍സ്റ്റബിളിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.