ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ ആരാണ് GOAT എന്ന് തുറന്നുപറഞ്ഞ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ ഗബ്രിയേല്‍ ഹെയ്ന്‍സ്. കരിയറില്‍ ഇരുതാരങ്ങള്‍ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ച ചുരുക്കം താരങ്ങളില്‍ ഒരാളാണ് ഹെയ്ന്‍സ്. 2004 മുതല്‍ 2007 വരെ റൊണാള്‍ഡോക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച താരം അര്‍ജന്റൈന്‍ ദേശീയ ടീമില്‍ മെസിക്കൊപ്പവും കളം പങ്കുവെച്ചിട്ടുണ്ട്.
ഇരുവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ റൊണാള്‍ഡോയുടെ പേര് പറയുമെന്ന് ഹെയ്ന്‍സ് പറഞ്ഞു. ഫുട്ബോളറെന്ന നിലയില്‍ അദ്ദേഹത്തിന് കൂടുതലൊന്നും നേടാനില്ലെന്നും തന്റെ കഴിവുകള്‍ കൊണ്ട് റോണോ ദൈവത്തിനോടടുത്ത് നില്‍ക്കുന്നയാളാണെന്നും താരം പറഞ്ഞു. ദ സണ്ണിനോടാണ് ഹെയ്ന്‍സ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘രണ്ടുപേരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ റൊണാള്‍ഡോയുടെ പേര് പറയും. എനിക്ക് തോന്നുന്നില്ല, ഫുട്ബോള്‍ കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന് കൂടുതല്‍ എന്തെങ്കിലും നേടാനുണ്ടെന്ന്. കഴിവുകള്‍ കൊണ്ട് അദ്ദേഹം ദൈവത്തിനടുത്താണ് ഇപ്പോള്‍.
ലിയോയെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പ്രകടനം വിവരിക്കാനാവില്ല. അദ്ദേഹം ഈ ഗ്രഹത്തില്‍ നിന്നല്ല വരുന്നത്. എല്ലാത്തിലുപരി വളരെ ശാന്തമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്,’ ഹെയ്ന്‍സ് പറഞ്ഞു.
സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ ഫതാഹിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ ഹാട്രിക് നേട്ടത്തോടെ തിളങ്ങാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാള്‍ഡോ മികച്ച പ്രകടനമാണ് സൗദി പ്രോ ലീഗില്‍ കാഴ്ചവെക്കുന്നത്. റൊണാള്‍ഡോയുടെ മികവില്‍ അല്‍ നസര്‍ ചരിത്രത്തിലാദ്യമായി അറബ് കപ്പ് ജേതാക്കളായിരുന്നു.
അമേരിക്കയിലെത്തിയതിന് ശേഷം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി എം.എല്‍.എസ് ലീഗില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായിരുന്നു മേജര്‍ സോക്കര്‍ ലീഗിലെ മെസിയുടെ അരങ്ങേറ്റം. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി വിജയിക്കുന്നത്.
മെസിയുടെ വരവിന് ശേഷം ഇന്റര്‍ മയാമിക്ക് തുടര്‍ച്ചയായ 10ാം ജയമാണിത്. 10 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം. ഇതിനകം മെസിയുടെ മികവില്‍ ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ഉയര്‍ത്തിയിരുന്നു.
Content Highlights: Heinz praises Cristiano Ronaldo